കാക്കനാട്: സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മെത്രാൻ സിനഡ് ഇന്ന് വൈകുന്നേരം ഏഴിന് സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കും. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. വിരമിച്ച അഞ്ചു മെത്രാൻമാർ അനാരോഗ്യംമൂലം സിനഡിൽ പങ്കെടുക്കുന്നില്ല.
ഇന്നു മുതൽ ജനുവരി 15 വരെയുള്ള ദിവസങ്ങളിലാണ് സിനഡ് സമ്മേളനം നടക്കുന്നത്. സഭയും സമൂഹവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ സിനഡിൽ ചർച്ച ചെയ്യും. കൊറോണ മഹാമാരി മാനദണ്ഡങ്ങളിൽ ഇളവുവരുത്തിയ സാഹചര്യത്തിലാണ് പകർച്ചവ്യാധി ആരംഭിച്ചതിനുശേഷം ആദ്യമായി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മെത്രാൻ സിനഡ് നടക്കുന്നത്.