തിരുവനന്തപുരം: ഡി ലിറ്റ് വിവാദത്തിലെ വി.ഡി സതീശന് – ചെന്നിത്തല അഭിപ്രായ ഭിന്നത ഇന്നത്തെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ചർച്ചയായേക്കും. പുനഃസംഘടന സംബന്ധിച്ചാകും മുഖ്യ ചർച്ചകള്. നീണ്ട ഇടവേളക്ക് ശേഷമാണ് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചേരുന്നത്.
ഗ്രൂപ്പുകൾ ആവശ്യപ്പെടുകയും പരാതിപ്പെടുകയും ചെയ്തതിന്റെ കൂടി പശ്ചാത്തലത്തിൽ നീണ്ട ഇടവേളയ്ക്കു ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. ഉപദേശക സ്വഭാവമുള്ളതാണ് സമിതി എന്ന് നേതൃത്വവും സംസ്ഥാന കോൺഗ്രസിൽ നയപരമായ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള ഏറ്റവും ഉയർന്ന കമ്മിറ്റിയാണെന്ന് ഗ്രൂപ്പുകളും വാദിച്ചിരുന്നു.
നേതൃത്വവും ഗ്രൂപ്പുകളും താൽക്കാലികമായി തർക്കങ്ങൾ പരിഹരിച്ച് സമവായത്തിൽ ചേരുന്ന യോഗത്തിൽ രാഷ്ട്രതിയുടെ ഡിലിറ്റ് വിവാദത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും രണ്ടുതട്ടിൽ നിൽക്കുന്നത് യോഗത്തിൽ മുഖ്യചർച്ചാ വിഷയമാകും. സർക്കാരിനെതിരെ താൻ തൊടുത്തുവിട്ട വിവാദത്തിന്റെ ദിശ ഗവർണർക്കെതിരെ തിരിച്ച സതീശന്റെ നിലപാടിൽ കടുത്ത അമർഷത്തിലാണ് ചെന്നിത്തല. ഇക്കാര്യം ചെന്നിത്തല യോഗത്തിൽ ഉന്നയിക്കുമെന്നാണ് വിവരം.
സംസ്ഥാനത്ത് സിപിഎമ്മാണോ ബിജെപിയാണോ മുഖ്യശത്രു എന്നതിലേക്കും ചർച്ച എത്തും. സിൽവർലൈൻ സമരപരിപാടികളും യോഗത്തിൽ ചർച്ചയാകും. ഭൂമി നഷ്ടപ്പെടുന്നവരെയും അല്ലാത്തവരെയും സംഘടിപ്പിച്ച് രണ്ടാംഘട്ട സമരം തുടങ്ങാനാണ് നീക്കം. ഇക്കാര്യത്തിൽ സമിതിയുടെ തീരുമാനങ്ങൾ അടുത്തദിവസം ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. ഒരു മാസം ഒരു ലക്ഷം യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുന്നതിന്റെ നടപടികളും യോഗം വിലയിരുത്തും. യോഗത്തിന് ശേഷം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ജെബി മേത്തറും അച്ചടക്ക സമിതി ചെയർമാനായി തിരുവഞ്ചൂർ രാധാകൃഷ്ണൻ കെപിസിസി ആസ്ഥാനത്ത് ചുമതലയേൽക്കും.