ബിജെപി നേതാവ് രഞ്ജീത്ത് വധക്കേസ്; പ്രതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചു; അറസ്റ്റ് ഉടൻ ഉടനെന്ന് എസ്പി

ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജീത്ത് വധക്കേസിൽ പ്രതികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചതായും അന്വേഷണം നിർണ്ണായക ഘട്ടത്തിലെത്തിയിരിക്കുന്നതായും ജില്ലാ പോലീസ് മേധാവി ജയ്‌ദേവ് ജി. സുചന ലഭിച്ച പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന പ്രതികൾ മുഴുവൻ പിടിയിലായ ശേഷമായിരിക്കും കേസിലെ ഗൂഢാലോചനകൾ വ്യക്തമാവുകയുള്ളൂ എന്നും പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ ഇതുവരെ പിടിയിലായ ആറ് പേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതുസംബന്ധിച്ച കൂടുതൽ പരിശോധന നടക്കുകയാണ്. ഗൂഢാലോചനയിൽ പങ്കെടുത്ത പ്രധാന പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. രഞ്ജീത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ആറ് പേരെയാണ് ഇതുവരെ പിടികൂടിയത്. ശനിയാഴ്‌ച്ച പിടിയിലായ നാല് പ്രതികളേയും റിമാൻഡ് ചെയ്തു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ പേരും മേൽവിലാസവും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കുറ്റകൃത്യത്തിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നാണ് പോലീസ് പറയുന്നത്. അതേസമയം കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാത്തതിൽ പോലീസിനെതിരെ വിമർശനം ശക്തമായിരിക്കുകയാണ്.

പ്രതികൾ സംസ്ഥാനം വിട്ടെന്ന് പോലീസ് തന്നെ വ്യക്തമാക്കിയതാണ്. ഈ സാഹചര്യത്തിൽ ഇരുട്ടിൽ തപ്പാതെ കേസന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ സഹായിക്കുകയാണെന്നാണ് ഉയരുന്ന വിമർശനം.