മോദിയുടെ കർഷക പ്രേമം കാപട്യം; കേന്ദ്രമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: ലഖിംപൂര്‍ ഖേരിയിലെ കൂട്ടക്കൊല കേസിൽ കേന്ദ്രമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രിയാണെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി സംരക്ഷിക്കുന്നതുകൊണ്ടാണ് അജയ് മിശ്ര അന്വേഷണ പരിധിയിൽ വരാത്തതെന്ന് പ്രിയങ്ക ചൂണ്ടികാട്ടി. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ മുഖ്യപ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

അജയ് മിശ്ര അന്വേഷണ പരിധിയിൽ വരാത്തതിലൂടെ വേട്ടക്കാരനൊപ്പമാണ് പ്രധാനമന്ത്രിയെന്ന് വ്യക്തമായതായി അവർ പറഞ്ഞു. മോദിയുടെ കർഷക പ്രേമം കാപട്യമെന്നും പ്രിയങ്ക വിമർശിച്ചു.

അതേസമയം ഇന്ന് രാവിലെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ആശിഷ് മിശ്ര മുഖ്യപ്രതിയാണെന്ന് ചൂണ്ടികാട്ടിയുള്ള കുറ്റപത്രത്തിൽ കരുതികൂട്ടിയുള്ള കൊലപാതമാണ് നടന്നതെന്നും വിശദീകരിച്ചിട്ടുണ്ട്. ലഖിംപൂരില്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന സംഭവം നടന്ന് കൃത്യം തൊണ്ണൂറാം ദിവസമാണ് അയ്യായിരം പേജുള്ള കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം നല്‍കിയിരിക്കുന്നത്.

കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയാകുമ്പോള്‍ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും, മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് ദാസിന്‍റെ ബന്ധു അങ്കിത് ദാസും പ്രതിപട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിച്ചുവെന്നാണ് വീരേന്ദ്ര ശുക്ലക്കെതിരായ കുറ്റം.

സംഭവം നടക്കുമ്പോള്‍ ആശിഷ് മിശ്ര സ്ഥലത്തുണ്ടായിരുന്നു. അബദ്ധത്തില്‍ വാഹനങ്ങള്‍ കര്‍ഷകരെ ഇടിക്കുകയായിരുന്നില്ല, ആസൂത്രിതമായ നീക്കമാണ് നടന്നതെന്നും കുറ്റപത്രം പറയുന്നു. കര്‍ഷകര്‍ക്ക് മേല്‍ വാഹനം ഇടിച്ചു കയറ്റിയതിനൊപ്പം വെടിവെച്ചെന്നും കുറ്റപത്രത്തിലുണ്ട്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടന്ന കര്‍ഷക പ്രക്ഷോഭവും കേന്ദ്രമന്ത്രി അജയ് മിശ്രക്കെതിരെ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയതുമാണ് പ്രകോപന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.

നിര്‍ണ്ണായക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയ അന്വേഷണസംഘം 208 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ വാഹനം പ്രതികള്‍ ഉപയോഗിച്ചതായി കണ്ടെത്തെയെങ്കിലും മന്ത്രിക്കെതിരെ കുറ്റപത്രത്തില്‍ പരാമര്‍ശങ്ങളൊന്നുമില്ല. അതേ സമയം കുറ്റപത്രം കൂടി നല്‍കിയതോടെ മന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുകയാണ്. ലംഖിപൂർ ഖേരി കൂട്ടക്കൊലയിലെ കുറ്റപത്രം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തലുകൾ.