കൊച്ചി: അന്തരിച്ച കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് പി.ടി.തോമസിന്റെ ചിതാഭസ്മം അമ്മയുടെ കല്ലറയില് അടക്കം ചെയ്യുന്നതിന് വേണ്ടിയുള്ള സ്മൃതി യാത്ര ആരംഭിച്ചു. യാത്ര ഇന്ന് രാവിലെ 7നു പാലാരിവട്ടത്തെ വീട്ടിൽ നിന്നാരംഭിച്ചു. പ്രതിപക്ഷ നേതാവ് വിഡി.സതീശൻ കുടുംബാംഗങ്ങളിൽ നിന്നു ചിതാഭസ്മം ഏറ്റുവാങ്ങി കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന് കൈമാറി. അദ്ദേഹത്തിന്റെ ഭാര്യ ഉമ തോമസ് വിളക്ക് തെളിയിച്ച് സ്മൃതി യാത്രക്ക് തുടക്കം കുറിച്ചു. കോൺഗ്രസ്സിലെ പ്രമുഖ നേതാക്കൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയിരുന്നു. സജീന്ദ്രനാണ് സ്മൃതി യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
പിടിയുടെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം അമ്മയുടെ കല്ലറയിലും സൂക്ഷിക്കും. ഇതിനുള്ള സമ്മതം പള്ളി അധികാരികളിൽ നിന്ന് വാങ്ങി കോൺഗ്രസ് പിടിയുടെ ആ ആഗ്രഹം സാധ്യമാക്കുകയായിരുന്നു.തുറന്ന വാഹനത്തിൽ കൊണ്ടുപോകുന്ന ചിതാഭസ്മ സ്മൃതിയാത്രയ്ക്കു വിവിധ സ്ഥലങ്ങളിൽ ആദരമർപ്പിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പ്രയാണത്തിനു ശേഷം സ്മൃതിയാത്ര 11ന് ഇടുക്കി ജില്ലാ അതിർത്തിയായ നേര്യമംഗലത്ത് എത്തിച്ചേരുമ്പോൾ ഡിസിസി പ്രസിഡന്റ് സി.പി.മാത്യുവിന്റെ നേതൃത്വത്തിൽ ചിതാഭസ്മം ഏറ്റുവാങ്ങും. തുടർന്ന് അവിടെ ആദരം അർപ്പിച്ച ശേഷം ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30നു കല്ലാർകുട്ടി, 2നു പാറത്തോട്, 3നു മുരിക്കാശേരി എന്നിവിടങ്ങളിൽ എത്തിച്ചേരും.
വൈകിട്ട് 4ന് ഉപ്പുതോട്ടിൽ എത്തുമ്പോൾ കുടുംബാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ചിതാഭസ്മം ഏറ്റുവാങ്ങും. തുടർന്ന് ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയിൽ പി.ടി.തോമസിന്റെ മാതാവിന്റെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. പിന്നെ അനുസ്മരണ സമ്മേളനം.
5ന് ഉപ്പുതോട് പള്ളിക്കവലയിൽ ചേരുന്ന സ്മൃതി സംഗമത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എഐസിസി സെക്രട്ടറി ഐവാൻ ഡിസൂസ, എം.എം.ഹസൻ, ഡീൻ കുര്യാക്കോസ് എംപി, കെപിസിസി ഡിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും.