ഒമിക്രോൺ നെഗറ്റീവ്; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കൊൽക്കത്ത: കൊറോണ ബാധിതനായിരുന്ന ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗാംഗുലിയുടെ ഒമിക്രോൺ വേരിയന്റ് പരിശോധന നെഗറ്റീവായതിനു പിന്നാലെയാണ് വെള്ളിയാഴ്ച അദ്ദേഹം ആശുപത്രി വിട്ടത്.

കൊറോണ പോസിറ്റീവായതിനെ തുടർന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനു പിന്നാലെ 49-കാരനായ ഗാംഗുലിക്ക് മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയ്ൽ തെറാപ്പി നൽകുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഈ വർഷം ഇത് മൂന്നാം തവണയാണ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിൽ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗാംഗുലിക്ക് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. പിന്നീട് 20 ദിവസത്തിന് ശേഷം, ഗാംഗുലിക്ക് സമാനമായ നെഞ്ചുവേദന ഉണ്ടായി. ഇതോടെ അദ്ദേഹത്തെ രണ്ടാം ഘട്ട ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.