കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ധാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. ഇതുവരെ 1265 കോടിയുടെ തട്ടിപ്പാണ് അന്വേഷണ സംഘം കണ്ടെത്തിയത്. എളുപ്പത്തിൽ പണം സമ്പാദിക്കാം എന്നു വിശ്വസിപ്പിച്ച് കാസർകോട് മുതൽ മലപ്പുറം വരെയുള്ള ആയിരത്തിലധികം പേരെയാണ് തട്ടിപ്പ് സംഘം പറ്റിച്ചത്.
ബെംഗളൂരു ആസ്ഥനമാക്കി ലോങ്ങ് റിച്ച് ടെക്നോളജീസ് എന്ന പേരിൽ ഓൺലൈൻ വെബ് സൈറ്റു വഴിയാണ് ആയിരത്തിലധികം പേരിൽ നിന്നായി പണം തട്ടിയത്. രണ്ടുമുതൽ എട്ട് ശതമാനം ലാഭവിഹിതം ക്രിപ്റ്റോ കറൻസിയിൽ നൽകുമെന്ന് വിശ്വസിപ്പിച്ചാണ് ഇടപാടുകാരിൽ നിന്ന് പണം സമാഹാരിച്ചത്. മോറിസ് കോയിൻ കറൻസിയുടെ പേരിൽ നടന്നത് 1265 കോടിയുടെ തട്ടിപ്പാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഈ തുകയിൽ ഭൂരിഭാഗവും ആദ്യകാല നിക്ഷേപകർക്ക് വിതരണം ചെയ്ത് മണി ചെയ്ൻ മാതൃകയിലായിരുന്നു തട്ടിപ്പ്. കൂടുതൽ പേർ പണം നിക്ഷേപിച്ചതോടെ കിട്ടിയ പണവുമായി തട്ടിപ്പ് സംഘം മുങ്ങുകയായിരുന്നു. തുടർന്നാണ് തട്ടിപ്പിനിരയായവർ പരാതിയുമായി പൊലീസിനെ സമീപീച്ചത്.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചാലാട് സ്വദേശി മുഹമ്മദ് റനീഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇത്രയും അധികം തുകയുടെ തട്ടിപ്പ് നടന്നതെന്ന് മനസ്സിലായത്. ഇയാളുടെ അക്കൗണ്ടുകളിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തി. നേരത്തെ നാല് പേരെ കണ്ണൂർ സിറ്റി അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. അനധികൃത നിക്ഷേപ പദ്ധതി നിരോധന നിയമപ്രകാരം പ്രതികളുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ട് കെട്ടാൻ ആവശ്യപ്പെട്ട് ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പൊലീസ് റിപ്പോർട്ട് നൽകി.
തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരനായ മലപ്പുറം സ്വദേശി നിഷാദിനെ ഇതുവരെയും പൊലീസ് പിടികൂടാനായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന. കണ്ണൂർ ജില്ലയിൽ മാത്രം നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ പിടികൂടുന്നതിലൂടെ തട്ടിപ്പിന്‍റെ യഥാർത്ഥ വ്യാപ്തി തിരിച്ചറിയാനാകൂ.