തിരുവനന്തപുരം: കേരളത്തിലേക്ക് വ്യവസായ മുതല്‍മുടക്ക് വലിയ തോതില്‍ ആകര്‍ഷിക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. പ്രധാനപ്പെട്ട വ്യവസായങ്ങള്‍ക്ക് ലൈസന്‍സുകളും അനുമതികളും ഒരാഴ്ചയ്ക്കകം നല്‍കും. ഉപാധികളോടെയാണ് അനുമതി നല്‍കുക. ഒരുവര്‍ഷത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. പോരായ്മ ഉണ്ടായാല്‍ അതിന് തിരുത്താന്‍ അവസരം നല്‍കാനും സര്‍ക്കാര്‍ തയ്യാറാണ്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വിമാനത്താവളം, തുറമുഖം, റെയില്‍, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്ര വ്യാപാരത്തിലും വാണിജ്യത്തിലും ഇത് കേരളത്തെ പ്രധാനശക്തിയാക്കും. കയറ്റുമതി ഇറക്കുമതി സാധ്യത പ്രയോജനപ്പെടുത്തുന്നതിന് ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ ആരംഭിക്കും.
ഉത്തരകേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കല്‍ തുറമുഖം വികസിപ്പിക്കും, വലിയ തോതില്‍ ചരക്ക് കൈകാര്യം ചെയ്യാന്‍ തുറമുഖത്തെ സജ്ജമാക്കും. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കും. മൂല്യവര്‍ധനവിന് ഊന്നല്‍ നല്‍കി ഉത്തരകേരളത്തില്‍ നാളികേരപാര്‍ക്ക് ഉണ്ടാക്കും. കേരളത്തെ മികച്ച വ്യാവസായ കേന്ദ്രമാക്കാനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപികരിക്കും. വ്യവസായ നിക്ഷേപകര്‍, നയരൂപികരണവിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ സമിതിയില്‍ ഉണ്ടാക്കുമെന്ന് പിണറായി പറഞ്ഞു.
വിവിധ മേഖലകളില്‍ പുതിയ അവസരങ്ങള്‍ തുറക്കുന്നുണ്ട്. ഏറ്റവും സുരക്ഷിതമായ നിക്ഷേപ കേന്ദ്രമായി സംസ്ഥാനം മാറിയെന്ന് പിണറായി അവകാശപ്പെട്ടു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിക്ഷേപകരും സംരംഭകരും വലിയ താത്പര്യം ഉളവായിട്ടുണ്ട്. ഈ രംഗത്ത് ധാരാളം അന്വേഷണങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതായി പിണറായി പറഞ്ഞു.