ന്യൂഡെൽഹി: മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്സിആർഎ രജിസ്ട്രേഷൻ പുതുക്കൽ അപേക്ഷ അംഗീകരിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെ സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യജന്മങ്ങളോട് കാണിക്കുന്ന കരുണയെ തീവ്രവാദം എന്ന് തെറ്റിദ്ധരിച്ചു പോകുന്നത് ആരുടെ പിടിപ്പുകേടാണ് എന്ന ശക്തമായ ചോദ്യമുന്നയിച്ച് ഒരു കന്യാസ്ത്രീ.
കാശ്മീരിൽ നുഴഞ്ഞു കയറുന്ന തീവ്രവാദികളോട് പെരുമാറുന്നതിനേക്കാൾ ക്രൂരമായാണ് ക്രൈസ്തവ സന്യസ്തരോട് ഇന്ത്യൻ ഭരണാധികാരികൾ പെരുമാറുന്നത് എന്ന് മനസിലാക്കാനാവുമെന്ന് സിസ്റ്റർ സോണിയ തെരേസ് ഡിഎസ് ജെ തൻ്റെ കുറിപ്പിൽ പറയുന്നു.അതായത് പച്ചയ്ക്ക് പറഞ്ഞാൽ ചിരിച്ചു കൊണ്ട് അങ്ങ് കഴുത്തറക്കുന്നുവെന്ന് ചുരുക്കം.
സിസ്റ്റർ സോണിയ തെരേസിൻ്റെ കുറിപ്പ് ഇങ്ങനെ
ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്…!!
2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്സിആർഎ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ് മിഷനറീസ് ഓഫ് ചാരിറ്റി സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ പ്രേമ പുറത്തിറക്കിയ പത്രക്കുറിപ്പിൽ FCRA രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെങ്കിലും “FCRA പുതുക്കൽ അപേക്ഷ അംഗീകരിച്ചിട്ടില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത് 3 ദിവസം കൂടി കഴിഞ്ഞാൽ മദർ തെരേസ സിസ്റ്റേഴ്സിന് വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും കൈപ്പറ്റാൻ സാധിക്കില്ല എന്നതാണ്.
അതായത് പച്ചയ്ക്ക് പറഞ്ഞാൽ ചിരിച്ചു കൊണ്ട് അങ്ങ് കഴുത്തറക്കുന്നു എന്ന് ചുരുക്കം. നിരവധി നിയമങ്ങൾ കൊണ്ട് ക്രൈസ്തവ സന്യസ്തർ നടത്തുന്ന സ്ഥാപനങ്ങളെ വരിഞ്ഞ് മുറുക്കുമ്പോൾ യാതൊരു വഴിയും ഇല്ലാതെ പതിയെ പതിയെ അവർ നടത്തുന്ന സ്ഥാപനങ്ങൾ അടച്ചു പൂട്ടും. സത്യത്തിൽ ക്രൈസ്തവ സന്യസ്തർ ഇന്ത്യയുടെ ഓരോ കോണിലും തീവ്രവാദം പഠിപ്പിക്കുകയായിരുന്നോ ചെയ്തിരുന്നത്..? കഴിഞ്ഞ നാലഞ്ചുവർഷമായി കേന്ദ്ര ഗവൺമെന്റും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും പാസാക്കിയ പല നിയമങ്ങളും സൂഷ്മതയോടെ പഠിച്ചാൽ കാശ്മീരിൽ നുഴഞ്ഞു കയറുന്ന തീവ്രവാദികളോട് പെരുമാറുന്നതിനേക്കാൾ ക്രൂരമായാണ് ക്രൈസ്തവ സന്യസ്തരോട് ഇന്ത്യൻ ഭരണാധികാരികൾ പെരുമാറുന്നത് എന്ന് മനസിലാക്കാനാവും.
സമൂഹത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യജന്മങ്ങളോട് കാണിക്കുന്ന കരുണയെ ചിലർ തീവ്രവാദം എന്ന് തെറ്റിദ്ധരിച്ചു പോകുന്നത് ആരുടെ പിടിപ്പുകേടാണ്..? യഥാർത്ഥ തീവ്രവാദത്തിന്റെ ഈറ്റില്ലമായി തീർന്നുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ വിവിധ സംഘടനകളെ വേരോടെ പിഴുതെറിയാൻ ധൈര്യം കാണിക്കാത്ത ഗവൺമെൻ്റ്, നിശബ്ദ സേവനം ചെയ്യുന്ന നിരായുധരായ ക്രൈസ്തവ സന്യസ്തരുടെമേൽ കൈയൂക്ക് കാണിക്കുമ്പോൾ ഓർമ്മ വരുന്നത് ‘അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്’ എന്ന പഴമക്കാരുടെ വാക്കുകളാണ്.
മതേതര രാജ്യമായ ഇന്ത്യയിൽ ക്രൈസ്തവ സന്യസ്തർ നടത്തുന്ന സ്ഥാപനങ്ങളിൽ ക്രൈസ്തവ വിശ്വാസികളായ കുട്ടികൾ ഒരു ബൈബിൾ കൈവശം വച്ചാൽ മതപരിവർത്തനം നടത്തുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് കേസ് എടുക്കുന്നത് എത്ര വിചിത്രം!! ക്രൈസ്തവ വിദ്യാർത്ഥികൾ ആദ്യകുർബാന സ്വീകരിക്കുന്ന ഫോട്ടോ ഏതെങ്കിലും ക്രൈസ്തവ മാസികകളിൽ പ്രസിദ്ധീകരിക്കപ്പെട്ട് കണ്ടാൽ അതും മതപരിവർത്തനം എന്ന് പറഞ്ഞ് ക്രൈസ്തവ സ്ഥാപനങ്ങൾ നശിപ്പിക്കുന്നത് പുണ്യമായി കാണുന്ന ഒരു തലമുറയ്ക്ക് എന്ത് വിശേഷണം നൽകും..? മാതാപിതാക്കളാൻ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളെ എടുത്ത് വളർത്തി വിദ്യ പകർന്ന് നൽകിയാൽ അതും മതപരിവർത്തനമായി വ്യാഖ്യാനിക്കുന്നത് വാസ്തവത്തിൽ മതഭ്രാന്ത് അല്ലയോ..? ഈ മതഭ്രാന്ത് തന്നെ അല്ലേ യഥാർത്ഥ തീവ്രവാദം…?
ഭാരതത്തെ ഒരു ക്രൈസ്തവരാജ്യം ആക്കി തീർക്കാൻ മോഹം ഉണ്ടായിരുന്നു എങ്കിൽ അത് എത്രയോ നേരത്തെ ചെയ്യാമായിരുന്നു. ഇന്ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റിന്റെ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനം വഹിക്കുന്ന നിരവധി വ്യക്തികൾ ക്രൈസ്തവ സ്ഥാപനങ്ങളിൽ പഠിച്ച് പോയവരാണ്. അവർ ഒക്കെ ഇന്നും അവരുടെ പഴയ വിശ്വാസങ്ങളിൽ ഉറച്ച് നിൽക്കുന്നുണ്ടെങ്കിൽ ഒന്ന് മനസിലാക്കുക ക്രൈസ്തവ സന്യസ്തരുടെയും പുരോഹിതരുടെയും ലക്ഷ്യം ഇന്ത്യയെ ക്രൈസ്തവ വത്കരിക്കുകയല്ല മറിച്ച് മനുഷ്യത്വത്തിന് പ്രാധാന്യം നൽകി മനുഷ്യനായി ജീവിക്കാൻ പഠിപ്പിക്കുക എന്നതാണ്. “നിന്നെപ്പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക” എന്ന യേശുക്രിസ്തുവിന്റെ ആഹ്വാനം ആണ് എത്ര വലിയ പീഡനങ്ങളെയും നിന്ദനങ്ങളെയും അതിജീവിച്ച് ക്രൈസ്തവ സന്യസ്തർ തളരാതെ മുന്നോട്ട് പോകാൻ കാരണം.
വർഷങ്ങൾക്ക് മുമ്പ് കൽക്കട്ടയിലെ കാളീഘട്ട് ക്ഷേത്രത്തോട് ചേർന്നുള്ള വലിയ സത്രം മരണാസന്നരായ രോഗികളെ പരിചരിക്കാൻ മദറിനു ലഭിച്ചു. മദർ അതിന് നിർമൽ ഹൃദയ് എന്നു പേരിട്ടു. കാളീഘട്ട് ക്ഷേത്രത്തിൽ നൂറിൽ പരം പൂജാരികളുണ്ടായിരുന്നു. സത്രം ക്രിസ്ത്യാനിയായ കന്യാസ്ത്രിക്ക് നൽകിയതിൽ വലിയ പ്രതിഷേധമായി. ഇവിടെ മദർ മതം മാറ്റുന്നു എന്നായി ആരോപണം. പലരും പരാതി നൽകി. അന്വേഷിക്കാൻ മേയറും പോലീസ് കമ്മീഷണറും എത്തി. അപ്പോൾ മദർ ഒരു രോഗിയുടെ വ്രണം കഴുകി പുഴുക്കളെ എടുക്കുകയായിരുന്നു. സഹസിസ്റ്റേഴ്സ് രോഗികളെ ശുശ്രൂഷിക്കുന്നു, അവരുടെ തുണി അലക്കുന്നു, ഭക്ഷണം കഴിപ്പിക്കുന്നു, മലമൂത്ര വിസർജ്ജനം കോരുന്നു….. മേയർ പരാതിക്കാരുടെ അടുക്കലെത്തി പറഞ്ഞു. “ഞാൻ മദർ തെരേസയെയും കൂട്ടരെയും അടിച്ചിറക്കാമെന്ന് വാക്കു തരുന്നു. ഞാനതു പാലിക്കാം. പക്ഷേ അതിനു മുൻപ് നിങ്ങൾ ഒരു വാക്ക് എനിക്ക് തരണം. അവർ ചെയ്യുന്ന ഈ ജോലികൾ ചെയ്യാൻ നിങ്ങളുടെ അമ്മമാരെയും പെങ്ങന്മാരെയും നാളെ മുതൽ അവിടെ പറഞ്ഞയക്കണം… ഇവിടെ കാളീദേവിയുടെ കരിങ്കല് വിഗ്രഹം ഉണ്ട്. എന്നാലിവിടെ ജീവിച്ചിരിക്കുന്ന ദേവിയെ ഞാൻ കാണുന്നു.”
ഇന്ന് ഇന്ത്യൻ ഭരണാധികാരികളോടും രാഷ്ട്രീയ പ്രവർത്തകരോടും അവരുടെ ശിങ്കിടികളോടും ഞങ്ങൾ ക്രൈസ്തവ സന്യസ്തർക്ക് പറയാനുള്ളത് ഇതാണ്. ഇന്ത്യയിലെ മഹാനഗരങ്ങളുടെ തെരുവിലും ഗ്രാമങ്ങളിലെ തെരുവീഥികളിലും അലയുന്ന ലക്ഷകണക്കിന് മനുഷ്യ ജന്മങ്ങൾ ഉണ്ട്. അവരിൽ എയിഡ്സ് രോഗികൾ, മാനസിക രോഗികൾ, ഓട്ടിസം ബാധിച്ചവർ, വികലാംഗർ, അനാഥരായ കുഞ്ഞുങ്ങൾ, മക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധമാതാപിതാക്കൾ, സ്ത്രീത്വം പിച്ചിചീന്തപ്പെട്ടവർ… എന്നിങ്ങനെ ആ ലിസ്റ്റ് നീണ്ടുപോകുന്നു. ഇവരെ ഒക്കെ സ്വന്തം മക്കളെപ്പോലെയും മാതാപിതാക്കളെപ്പോലെയും സഹോദരങ്ങളെപ്പോലെയും കണ്ട് ശുശ്രൂഷിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെ നിങ്ങൾ തീവ്രവാദ കേന്ദ്രങ്ങളായി ചിത്രീകരിക്കാൻ ആണ് പ്ലാൻ എങ്കിൽ മറ്റൊരു പോം വഴിയുള്ളത് ക്രൈസ്തവ സന്യസ്തർ ശുശ്രൂഷിച്ചതു പോലെ നിങ്ങളുടെ രാഷ്ട്രീയ പാർട്ടി സംഘടനകൾക്കോ പാർട്ടി അനുയായികൾക്കോ ഈ ലക്ഷകണക്കിന് മനുഷ്യജന്മങ്ങളുടെ ഉത്തരവാദിത്വം പ്രതിഫലം ഇച്ഛിക്കാതെ നിസ്വാർത്ഥമായി ഏറ്റെടുക്കാൻ കഴിഞ്ഞാൽ ഈ സ്ഥാപനങ്ങൾ എല്ലാം നിങ്ങൾക്ക് തന്നെ വിട്ടുതരാൻ ഞങ്ങൾ തയ്യാറാണ്. ഒരു ഓർമ്മപ്പെടുത്തൽ കൂടി: സ്നേഹവും കരുണയും മനുഷ്യത്വവും വിദ്യയും പകർന്ന് നൽകുന്നവരെ തീവ്രവാദികളെപ്പോലെ കാണാതെ നിങ്ങളുടെ ഒക്കെ ഉള്ളിലുള്ള ത്രീവ്രവാദത്തെ ആദ്യം വേരോടെ പിഴുതെറിയാൻ പരിശ്രമിക്കുക അപ്പോൾ ഭാരതാംബയുടെ മുഖം പ്രസന്ന പൂരിതമാകും.
✍🏽സ്നേഹപൂർവ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ