ആലപ്പുഴ: ബിജെപി നേതാവ് രൺജീത്ത് വധക്കേസിൽ അന്വേഷണം കർണാടകത്തിലേക്ക് കൂടി വ്യാപിപ്പിച്ച് പോലീസ്. പ്രതികൾക്ക് സംസ്ഥാനത്തിന് പുറത്ത് നിന്ന് പോപുലർ ഫ്രണ്ടിന്റെ സഹായം ലഭിക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ആലപ്പുഴയെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങളിൽ ഷാൻ വധക്കേസിൽ മാത്രമാണ് പൊലീസിന് അൽപമെങ്കിലും മുന്നോട്ട് പോകാനായത്.
രൺജീത്ത് വധക്കേസിൽ പ്രതികൾ ഡിജിറ്റൽ തെളിവ് അവശേഷിപ്പിക്കാത്തത് തിരിച്ചടിയായി. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളാണ് അക്രമി സംഘത്തിലുള്ളത്. ഇവരാരും പിടിയിലായിട്ടില്ല. എന്നാൽ ഷാൻ വധക്കേസിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ പിടിയിലായിട്ടുണ്ട്. ജിഷ്ണു, വിഷ്ണു, അഭിമന്യു, അതുൽ, സാനന്ദ് എന്നിവരാണ് പിടിയിലായത്.
നേതാക്കൾ കൊല്ലപ്പെട്ടിട്ട് ഒരാഴ്ച കഴിയുമ്പോൾ പൊലീസിന് രൺജീത്ത് വധക്കേസിൽ ഒട്ടും മുന്നോട്ട് പോകാനാകാത്തത് തിരിച്ചടിയാണ്. പ്രതികൾക്ക് സഹായം ചെയ്തവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഇവർക്ക് ഗൂഢാലോചനയിൽ എത്രത്തോളം പങ്കുണ്ടെന്നത് ഇപ്പോഴും വ്യക്തമല്ല. അതേസമയം ഷാൻ വധക്കേസിൽ ഇന്നലെ മാത്രം എട്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ അവശേഷിക്കുന്നവരുടെ കൂടി അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ഷാൻ വധക്കേസിൽ ഇതുവരെ കസ്റ്റഡിയിലും അറസ്റ്റിലുമായത് 11 പേരാണ്. ഈ കേസിൽ ഗൂഢാലോചനയാണ് തെളിയിക്കപ്പെടേണ്ടത്. രണ്ടര മാസത്തോളം സമയമെടുത്ത് ഗൂഢാലോചന നടത്തിയാണ് എസ്ഡിപിഐ നേതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ആർഎസ്എസിന്റെ ഉന്നത തലത്തിലുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംശയം.