വിവാഹ വേദിയിൽ കന്യാദാന ചടങ്ങ് ബഹിഷ്‌കരിച്ച് ഐഎഎസുകാരി വധു; ദാനമായി നൽകാൻ താനൊരു വസ്തുവല്ലെന്ന് തപസ്യ

ഭോപ്പാൽ: വിവാഹ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വമ്പൻ ട്വിസ്റ്റുകളും മാറ്റങ്ങളും കൊണ്ടുവരുന്ന കാലഘട്ടമാണിത്. പരമ്പരാ​ഗതമായി പിന്തുടർന്ന് പോരുന്ന രീതികൾക്കെതിരെ ശബ്ദമുയർത്തുകയും മാറ്റങ്ങൾക്ക് വേണ്ടി പോരാടുന്ന വാർത്തകളും നാം കേൾക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത് ഒരു ഐഎസ് ഉദ്യോ​ഗസ്ഥയുടെ വിവാഹ വാർത്തകളാണ്. ഒരു ഐഎസ് ഉദ്യോ​ഗസ്ഥ ആയത് കൊണ്ടല്ല ഇവരുടെ വിവാഹ വാർത്ത ഇത്രമേൽ ശ്രദ്ധ നേടിയത്. മറിച്ച് കന്യാദാനം എന്ന ആചാരത്തിനെതിരേ ഉറച്ച ശബ്ദമായി നിലകൊണ്ടതിന്റെ പേരിലാണ് വധു വാർത്തയിൽ ഇടം നേടിയത്.

മധ്യപ്രദേശിലെ നർസിം​ഗ്പൂർ ജില്ലയിൽ നിന്നുള്ള തപസ്യ പരിഹാർ എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥയാണ് വധു. ഐഎഫ്എസ് ഓഫീസറായ ​ഗർവീത് ​ഗം​ഗ്വാറാണ് തപസ്യയുടെ വരൻ. വിവാഹവേദിയിൽ കന്യാദാന ച‍ടങ്ങ് വേണ്ടെന്ന തപസ്യയുടെ തീരമാനമാണ് വ്യത്യസ്തവും ശ്രദ്ധയും നേടിയത്. വധുവിനെ ഉത്പന്നം പോലെ കണക്കാക്കി വരനെ ഏൽപിക്കുന്ന ചടങ്ങിന് താൻ തയ്യാറല്ലെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു തപസ്യ.

ദാനമായി നൽകാൻ താനൊരു വസ്തുവല്ലെന്നും ഒരു മകളാണെന്നും പറഞ്ഞാണ് തപസ്യ ചടങ്ങിനെതിരെ നിലകൊണ്ടത്. കുട്ടിക്കാലം തൊട്ടേ അത്തരം പാട്രിയാർക്കൽ ചിന്തകൾക്കെതിരെ തപസ്യ ശബ്ദമുയർത്തിയിരുന്നുവെന്ന് കുടുംബവും പറയുന്നു. തീരുമാനം അറിയിച്ചപ്പോൾ കുടുംബത്തിനൊപ്പം വരൻ ​ഗർവീതും പൂർണ പിന്തുണ അറിയിക്കുകയായിരുന്നു.

കന്യാദാനം എന്ന വാക്ക് ഇന്നത്തെ കാലത്തിന് ചേർന്നതല്ലെന്ന് തപസ്യയുടെ അച്ഛൻ വിശ്വാസും പറയുന്നു. മകളുമായി ബന്ധപ്പെടുത്തി പറയേണ്ട വാക്കല്ല ദാനം, അച്ഛന്റെ ഇടത്തു നിന്നും പെൺമക്കളെ ഇല്ലാതാക്കാനുള്ള ആചാരങ്ങളാണ് ഇവയെന്നും അദ്ദേഹം പറയുന്നു.

തപസ്യയുടേതിന് സമാനമായ കാഴ്ചപ്പാട് ​ഗുർവീതും പങ്കുവെച്ചു. എന്തിനാണ് വിവാഹശേഷം ഒരു പെൺകുട്ടി പാടേ മാറുന്നതെന്നും വരന് ഇത്തരം ആചാരങ്ങൾ ബാധകമാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ക്രമേണ സമൂഹത്തിൽ നിന്ന് ഇത്തരം ആചാരങ്ങളെ തുടച്ചുനീക്കേണ്ടതുണ്ടെന്നും ​ഗുർവീത് പറഞ്ഞു.

അടുത്തിടെ ബോളിവുഡ്താരം ആലിയ ഭട്ട് അഭിനയിച്ചിരുന്ന പരസ്യവും സമാന ആശയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ ആലിയ കന്യാദാനത്തിനെതിരെ സംസാരിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കന്യാദാനത്തിൽ വിശ്വസിക്കുന്നതിന് പകരം കന്യാമാൻ അഥവാ വധുവിനെ ബഹുമാനിക്കുന്നതിൽ വിശ്വസിക്കാം എന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. പരസ്യം ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.