കൊച്ചി: സീറോ മലബാർ സഭയിലെ എല്ലാ ബിഷപ്പുമാരും സിനഡൽ ഫോർമുല അനുസരിച്ച് മാത്രമേ സഭയിൽ എവിടെയും വിശുദ്ധ കുർബാന നടത്തുകയുള്ളൂവെന്ന സിനഡൽ തീരുമാനം നടപ്പാക്കാൻ ശ്രദ്ധിക്കണമെന്ന് കാണിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയിലെ എല്ലാ ബിഷപ്പുമാർക്കും കത്തു നൽകി. “2021-ലെ പ്രഖ്യാപനത്തിന്റെ ആദ്യ ഞായർ മുതൽ എല്ലാ മെത്രാന്മാരും സീറോ മലബാർ സഭയിൽ എല്ലായിടത്തും യൂണിഫോം മോഡിൽ അഥവാ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന ആഘോഷിക്കും” എന്ന തീരുമാനം ചൂണ്ടി കാണിച്ചാണ് മാർ ആലഞ്ചേരി കത്തു നൽകിയത്.
ബിഷപ്പുമാർ എവിടെ പോയാലും സിനഡൽ രൂപത്തിൽ മാത്രമേ വിശുദ്ധ കുർബാന ആഘോഷിക്കാവൂ എന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു. നിലവിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഇക്കാര്യത്തിൽ അല്പം ബുദ്ധിമുട്ടുള്ളത്. സിനഡൽ രൂപത്തിൽ വിശുദ്ധ കുർബാന ആഘോഷിക്കാൻ എറണാകുളം അതിരൂപതയിലെ ഇടവകകളിലോ സ്ഥാപനങ്ങളിലോ വരുന്ന ബിഷപ്പുമാർക്ക് സൗകര്യം ഒരുക്കാൻ എല്ലാ വൈദികരോടും നിർദ്ദേശിക്കണമെന്ന് എറണാകുളം അതിരൂപതയുടെ എന്റെ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിന് കത്തെഴുതിയിട്ടുണ്ടെന്ന് മാർ ആലഞ്ചേരി വ്യക്തമാക്കി.
സുന്നഹദോസ് അംഗങ്ങൾ എന്ന നിലയിൽ ബിഷപ്പുമാർ സുന്നഹദോസിൽ തീരുമാനിച്ച രൂപത്തിൽ മാത്രമേ വിശുദ്ധ കുർബാന നടത്താവൂ. ഏകീകൃതമായ ആഘോഷം സഭയിൽ നടപ്പിലാക്കിയിരിക്കുന്നതിനാൽ, സിനഡൽ തീരുമാനത്തെ നാം അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി കത്തിൽ ഓർമ്മിപ്പിച്ചു.