ചെന്നൈ: തമിഴ്നാട്ടിൽ ലൈംഗികാക്രമണം നേരിട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെന്നൈ സ്കൂളിലെ 11ാം ക്ലാസുകാരിയാണ് ആത്മഹത്യക്കുറിപ്പ് എഴുതിവെച്ചശേഷം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ചെന്നൈ മങ്കാട് കഴിഞ്ഞയാഴ്ചയാണ് സംഭവം. പിന്നീട് പെൺകുട്ടിയുടെ മുറിയിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.
പെൺകുട്ടി നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും കത്തിൽ വിവരിച്ചിരുന്നു. സമൂഹത്തിൽ പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആൺമക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർഥിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം.
‘പെൺകുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കൾ ആൺമക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗർഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം’ -കുറിപ്പിൽ പറയുന്നു.
പെൺകുട്ടി നേരത്തേ പഠിച്ചിരുന്ന സ്കൂളിൽ ആരോ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പറയുന്നു. എന്നാൽ സ്കൂൾ മാറിയതിന് ശേഷവും അയാൾ പെൺകുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം.
മാനസിക വിഷമത്തെ തുടർന്ന് പഠിക്കാൻ സാധിച്ചിരുന്നില്ലെന്ന് പെൺകുട്ടിയുടെ കത്തിൽ പറയുന്നു. രാത്രിയിലെ പേടിസ്വപ്നങ്ങളെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും പെൺകുട്ടി വിവരിച്ചിരുന്നു. കേസ് അന്വേഷിക്കാൻ നാലംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.