വിമർശനങ്ങൾക്കിടെയും പോലീസിൻ്റെ അതിക്രമങ്ങൾ ; സ്റ്റേഷനിലെത്തിയ സഹോദരങ്ങൾക്ക് എസ്ഐയുടെ മർദ്ദനവും അസഭ്യവർഷവും

കായംകുളം: വിമർശനങ്ങൾ ശക്തമാകുമ്പോഴും സംസ്ഥാനത്തെ പോലീസ് അതിക്രമത്തിന്‍റെ കൂടുതൽ സംഭവങ്ങൾ പുറത്തുവരുകയാണ്. സിവിൽ തർക്കത്തിൽ നൂറനാട് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സഹോദരങ്ങൾക്ക് നേരെ എസ്ഐയുടെ വക മർദ്ദനവും അസഭ്യവർഷവുമെന്നാണ് പരാതി. എസ്ഐ അരുണിനും നാലു പോലീസുകാർക്കും എതിരെ കോട്ടയം സ്വദേശികളായ ഷാൻമോൻ, സജിൻ റജീബ് എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പേരിൽ പിന്നീട് ഇവരെ കള്ളക്കേസിലും കുടുക്കി.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ബോധ്യപ്പെട്ടപ്പോൾ പിന്നീട് സംഭവം മറയ്ക്കാൻ പൊലീസുകാർ ഗൂഢാലോചന നടത്തിയതിന് തെളിവായി ഓഡിയോ സന്ദേശവും ലഭിച്ചിട്ടുണ്ട്. കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തൽ, എസ്ഐയെ കയ്യേറ്റം ചെയ്യൽ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്ത് ജയിലിലാക്കിയില്ലെങ്കിൽ പെട്ടുപോകുമെന്ന് കൂടെയുള്ള ഉദ്യോഗസ്ഥർ എസ്ഐയെ ഉപദേശിച്ചുവത്രേ.

പോലീസ് അതിക്രമത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സഹോദരങ്ങൾ. ഇവർ നൽകിയ ഹർജി കോടതി നാളെ പരിഗണിക്കും. അതേ സമയം പ്രതികൾ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്തെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് നൂറനാട് പോലീസ്.