ആലപ്പുഴ: എസ്ഡിപിഐ സംസ്ഥാന നേതാവ് വെട്ടേറ്റ് മരിച്ചതിന് പിന്നാലെ ആലപ്പുഴയിൽ ബിജെപി സംസ്ഥാന നേതാവിനെ വെട്ടിക്കൊന്നു. ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന് നാല്‍പ്പത് വയസായിരുന്നു. ഇന്ന് പുലർച്ചെ പ്രഭാതസവാരിക്കിടെ ഒരു സംഘമെത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.
ആലപ്പുഴ നഗരഹൃദയമായ വെള്ളകിണര്‍ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്‍ ആലപ്പുഴ കോടതിയില്‍ അഭിഭാഷകനാണ്. ശനിയാഴ്ച എസ്ഡിപിഐ.സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിൻ്റെ പ്രതികാരമായാണ് ഈ കൊല നടന്നത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന.
ശനിയാഴ്ച രാത്രിയായിരുന്നു കെ.എസ്. ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നാൽപ്പതോളം വെട്ടുകളേറ്റിരുന്നെന്നാണ് വിവരം. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരിയിലായിരുന്നു അക്രമിസംഘം ഷാനെ ആക്രമിച്ചത്. തുടർന്ന് ഞായറാഴ്ച പുലർച്ചെ 12.45-ഓടെ ആശുപത്രിയിൽ മരിച്ചു.
മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. പൊന്നാടുള്ള വാടകവീട്ടിലേക്ക് (അൽഷ ഹൗസ്) സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു സംഭവം. പിന്നിൽനിന്ന് കാറിലെത്തിയ സംഘം സ്കൂട്ടറിൽ ഇടിപ്പിച്ച് ഷാനെ വീഴ്ത്തിയശേഷം തുടരെ വെട്ടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ നാലുപേരും ആക്രമണം നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൃത്യം നിർവഹിച്ചശേഷം വന്നവഴിതന്നെ അക്രമിസംഘം തിരികെപ്പോയി.
പൊന്നാട് സ്വദേശിയിൽനിന്ന് വാടകയ്ക്കെടുത്ത കാറിലാണ് അക്രമിസംഘമെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഷാന്റെ കൈകാലുകൾക്കും കഴുത്തിനും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഷാനെ ആദ്യം മണ്ണഞ്ചേരിയിലെയും ആലപ്പുഴയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്. കാറിനെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം.
ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നേതൃത്വത്തിലുള്ള സംഘം മണ്ണഞ്ചേരിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. സമീപത്തുള്ള സി.സി.ടി.വി.യിൽ ആക്രമണ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണിപ്പോൾ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അതേസമയം ആക്രമണം നടത്തിയത് ആർ.എസ്.എസ്. ആണെന്ന് എസ്.ഡി.പി.ഐ. ആരോപിച്ചു.