നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ്

മാനന്തവാടി: വയനാട് കുറുക്കന്‍മൂലയില്‍ 20 ദിവസത്തോളമായി നാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തിയെന്ന് വനംവകുപ്പ്. കടുവ നിരീക്ഷണ വലയത്തില്‍ ഉണ്ടെന്നും ഉടന്‍ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇരുപതോളം വളർത്തു മൃഗങ്ങളെയാണ് കടുവ ഇതുവരെ കൊന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് മുറുവേറ്റതെന്നാണ് സൂചന. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം.

അതിനിടെ, കുറുക്കന്‍മൂലയില്‍ സംഘര്‍ഷത്തിനിടെ കത്തിയൂരിയ വനപാലകനെതിരെ കേസെടുത്തു. കടുവ ട്രാക്കിങ്ങ് ടീമിലെ ഹുസൈൻ കൽപ്പൂരിനെതിരെ നാട്ടുകാരെ തടഞ്ഞുവച്ച് മർദിച്ചെന്ന പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. വനംവകുപ്പിന്റെ പരാതിയില്‍ നേരത്തേ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലനെതിരെ പൊലീസ് കേസെടുത്തിരുന്നു.