മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം: കേരളം സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരേ കേരളം സുപ്രീം കോടതിയെ സമീപിച്ചു. പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈകോടതിക്ക് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം റദ്ദാക്കി ഹൈക്കോടതി പുറപ്പടുവിച്ച ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

2018 ജനുവരിയിലാണ് അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതു മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നൽകുവാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാൽ നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിന് എതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

നിയമനം റദ്ദാക്കിയ ഹൈകോടതിക്ക് പിഴവ് പറ്റിയെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ സികെ ശശി ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരള സബോർഡിനേറ്റ് സർവീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാൻ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ട്. വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും, നിയമപ്രകാരമുള്ള ചട്ടങ്ങൾക്ക് എതിരാണെങ്കിലും ഹൈക്കോടതിക്ക് നിയമനം റദ്ദാക്കാൻ അധികാരം ഉണ്ട്. എന്നാൽ ആർ പ്രശാന്തിന് ആവശ്യമായ യോഗ്യതകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രശാന്തിന്റെ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടില്ല. മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ അനുസരിച്ച് ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്തിക രൂപീകരിച്ചത് എന്നും സംസ്ഥാന സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. എംഎൽഎ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ മകന് ആശ്രിത നിയമനത്തിന് വ്യവസ്ഥയില്ലെന്നായിരുന്നു ഹർജിക്കാരൻ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്ന വാദം.