പൂച്ച വിൽപ്പനക്ക് മറവിൽ മയക്കുമരുന്നു കച്ചവടം; മാള സ്വദേശി പിടിയിൽ

തൃശൂർ: പൂച്ചകളെ വിൽപ്പന നടത്തുന്നതിന്റെ മറവിൽ മയക്കു മരുന്ന് ശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ.മാള, പൂപ്പത്തി സ്വദേശി അക്ഷയ് (24) ആണ് എക്സൈസിൻ്റെ പിടിയിലായത്. ക്രിസ്തുമസ് – പുതുവത്സര വിപണി ലക്ഷ്യമിട്ട് വിൽപ്പനക്ക് എത്തിച്ച സിന്തറ്റിക് മയക്കു മരുന്നുകളാണ് പിടികൂടിയത്.

തൃശൂർ എക്സൈസ് ഇൻറലിജൻസിനു ലഭിച്ച വിവരത്തേ തുടർന്ന് ദിവസങ്ങളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ, റേഞ്ച് പാർട്ടികൾ സംയുക്തമായാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. വിലകൂടിയ പൂച്ചകളെ വിൽപ്പന നടത്തുന്നതിന്റെ മറവിൽ മയക്കുമരുന്നുകൾ വിൽപ്പന നടത്തിവരികയായിരുന്നു. ഇയാൾക്കെതിരെ മുൻപും എക്സൈസ്, പോലീസ് വകുപ്പുകൾ കഞ്ചാവ്- മദ്യ കേസുകൾ എടുത്തിട്ടുണ്ട് .

ചെറിയ അളവിൽ ഉപയോഗിച്ചാൽ പോലും മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുകയും ലഹരിക്ക് അടിമയാക്കുകയും ചെയ്യുന്ന എൽ എസ് ഡി, എം ഡി എം എ, മെത്ത് എന്നിവ വാണിജ്യ അളവിൽ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. കേസിലെ തുടർനടപടികൾ കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസിൽ നടന്നുവരുന്നു.

റെഡിമെയ്ഡ് വസ്ത്ര വിൽപ്പന മേഖലയിൽ പ്രവർത്തിച്ചിരുന്ന പ്രതി ബാംഗ്ലൂർ നിന്നും മയക്കുമരുന്ന് കൊടുങ്ങല്ലൂർ,മാള മേഖലയിൽ എത്തിക്കുന്ന ശൃംഖലയിലെ കണ്ണിയാണ്. ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള ലഹരി വസ്തുക്കളും എത്തിച്ചു നൽകുന്നതായി ഇൻറലിജൻസിന് വിവരമുണ്ടായിരുന്നു. ഡിജെ പാർട്ടികൾക്കും ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കുo വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് പ്രതി പിടിയിൽ ആയത്. മയക്കുമരുന്നിന്റെ ഉറവിടത്തെ കുറിച്ചും ഉപഭോക്താക്കളെ കുറിച്ചും എക്സൈസ് വിവരങ്ങൾ ശേഖരിച്ചു വരുന്നു.

നർക്കൊട്ടിക് കേസുകളിൽ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കമ്മേഴ്‌ഷ്യൽ അളവിൽ ആണ് വിവിധ മയക്കു മരുന്നുകൾ പിടികൂടിയത്. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് നടന്നു വരുന്ന സ്പെഷ്യൽ ഡ്രൈവിൽ എക്സൈസ് ഇൻറലിജൻസുമായി ചേർന്ന് നിരീക്ഷണവും പരിശോധനകളും തുടരുമെന്നും മദ്യ- ലഹരി വിൽപനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും തൃശ്ശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ.പ്രേം കൃഷ്ണ അറിയിച്ചു.