ന്യൂ ഡെൽഹി: സാങ്കേതിക തകരാർ മൂലം പാതിവഴിയിൽ സർവീസ് ഉപേക്ഷിച്ച് തിരികെ പറന്ന വിമാനം അതിലുണ്ടായിരുന്ന യാത്രക്കാരോട് കൂടുതൽ പണം ആവശ്യപ്പെട്ടതായി ആരോപണം. രാജമഹേന്ദ്രവാരം വിമാനത്താവളത്തിൽ നിന്ന് തിരുപ്പതിയിലേക്ക് പറന്നുപോയ ഇൻഡിഗോ വിമാനത്തിന് എതിരെയാണ് യാത്രക്കാരുടെ ആരോപണം.
ചൊവ്വാഴ്ചയാണ് സംഭവം. വൈഎസ്ആർ കോൺഗ്രസ് എംഎൽഎ ആർകെ റോജ അടക്കം 70 യാത്രക്കാരുമായാണ് ഇൻഡിഗോ വിമാനം തിരുപ്പതിയിലേക്ക് പറന്നത്. പാതിവഴിയിൽ സാങ്കേതിക തകരാർ മൂലം വിമാനം തിരിച്ചു പറന്നു. രാവിലെ ഒമ്പത് മണിക്കാണ് വിമാനം പറന്നുയർന്നത്. പത്തരയ്ക്ക് വിമാനം തിരുപ്പതിയിൽ എത്തിച്ചേരേണ്ടതായിരുന്നു. എന്നാൽ തിരുപ്പതിയുടെ ആകാശത്തിനു മുകളിൽ കുറച്ചുസമയം ചിലവഴിച്ച ശേഷം വിമാനം തിരികെ പറക്കുകയായിരുന്നു.
ബംഗളൂരുവിലാണ് വിമാനമിറങ്ങിയത്. മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത് എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് സാങ്കേതിക തകരാർ മൂലമാണ് വിമാനം വഴിതിരിച്ചുവിട്ടത് എന്നായി. വിമാനം ലാൻഡ് ചെയ്ത ഉടൻ ബാഗുമായി പുറത്തേക്കിറങ്ങാൻ ശ്രമിച്ച യാത്രക്കാരോട് വിമാനത്തിലെ ജീവനക്കാർ 5000രൂപ അധികമായി നൽകാൻ ആവശ്യപ്പെട്ടുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.
രണ്ടു മണിക്കൂറോളം നേരം തങ്ങളെ വിമാനത്തിനകത്ത് ഇരുത്തിയെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് നടിയും എംഎൽഎയുമായ റോജയുടെ ആരോപണം. യാത്രക്കാർ പണം നൽകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണ് ഒടുവിൽ വിമാനത്തിലെ ജീവനക്കാർ ഇവരെ ബംഗളൂരു വിമാനത്താവളത്തിലേക്ക് പോകാൻ അനുവദിച്ചത്. യാത്രക്കാരുടെ പക്കൽ നിന്നും ഒരു രൂപ പോലും അധികമായി കമ്പനി വാങ്ങിയിട്ടില്ലെന്ന് ഇൻഡിഗോ വ്യക്തമാക്കുന്നു.
കുറച്ചുസമയം ബംഗളൂരു വിമാനത്താവളത്തിൽ നിർത്തിയിട്ട ശേഷം സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും തുടർന്ന് യാത്രക്കാരുമായി വിമാനം തിരുപ്പതിയിലേക്ക് തന്നെ പറന്നുവെന്നും കമ്പനി പറയുന്നു. ചില യാത്രക്കാർ ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങണം എന്ന് അറിയിച്ചു. ഇവരിൽ ചിലർക്ക് അടുത്ത വിമാനത്തിൽ തിരുപ്പതിയിലേക്ക് പോകാൻ അവസരമൊരുക്കി. മറ്റു ചിലരെ ബംഗളൂരുവിൽ തന്നെ ഇറക്കിവിട്ടുവെന്നും ഇൻഡിഗോ കമ്പനി വ്യക്തമാക്കി. സ്വന്തം താല്പര്യപ്രകാരം ബംഗളുരുവിൽ ഇറങ്ങിയ യാത്രക്കാരിൽ നിന്ന് ഒരു രൂപ പോലും വിമാനകമ്പനി അധികമായി വാങ്ങിയിട്ടില്ലെന്നും ഇൻഡിഗോ കമ്പനി ആവർത്തിച്ചു