മാനന്തവാടി: നാട് മുഴുവൻ കാവലിരിക്കുമ്പോഴും വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. ബുധനാഴ്ച രാത്രി പയ്യമ്പള്ളിയിൽ ഇറങ്ങിയ കടുവ പശുവിനെ കൊന്നു. പയ്യമ്പിള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെയാണ് കടുവ കൊന്നത്. സമീപ പ്രദേശത്ത് നിന്ന് ഒരു ആടിനെയും കാണാതായിട്ടുണ്ട്. കാട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം ദൂരമുള്ള ജനവാസ മേഖലയിലാണ് കടുവയിറങ്ങിയത്. കുറുക്കൻമൂലയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയിറങ്ങിയത്.
പതിനെട്ട് ദിവസമായി ഒരു പ്രദേശത്തെയാകെ ഭീതിയിലും മുൾമുനയിലും നിർത്തിയ കടുവയെ കണ്ടെത്താൻ കുങ്കിയാനകളെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. വനം വകുപ്പ് തിരച്ചിൽ നടത്തുമ്പോഴും ബുധനാഴ്ച കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്ന് ആടുകൾ കൊല്ലപ്പെടുകയും പശുവിനെ പരിക്കേൽപിക്കുകയും ചെയ്ത തെനംകുഴി ജിൽസിന്റെ വീടിന് സമീപത്ത് സ്ഥാപിച്ച കൂടിനരികിലാണ് കടുവയുടെ ഏറ്റവും പുതിയ കാൽപാട് കണ്ടെത്തിയതായി വനം വകുപ്പ് സ്ഥിരീകരിച്ചത്.
അതേസമയം, വയനാടിന്റെ കണക്കെടുപ്പിൽ 154 കടുവകൾ ഉണ്ടെന്നും ഇതിൽപെടാത്ത കടുവയാണ് ആക്രമണത്തിന് പിന്നിലെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കർണാടക വനംവകുപ്പ് പിടികൂടിയ കടുവയെ വയനാട് അതിർത്തിയിൽ തുറന്നു വിട്ടതാണെന്ന ആരോപണം ശക്തമായി. കടുവയുടെ ഇതുവരെയുള്ള പ്രകൃതവും അത് സാധൂകരിക്കുന്നു. ആക്രമണം നടന്ന പ്രദേശം ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ സന്ദർശിച്ചു.