കണ്ണൂർ വിസിയുടെ പുനർനിയമനത്തിന് എതിരായ ഹർജി തള്ളിയ നടപടി; ഡിവിഷൻ ബഞ്ചിനെ സമീപിക്കാൻ സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി

കൊച്ചി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരുന്നതിന് എതിരേ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി സിംഗിൾ ബഞ്ച് തള്ളിയതിന് എതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി. ഡോ ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയത് ചട്ട വിരുദ്ധമാണ്. അദ്ദേഹത്തിന് വിസിയായി സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല.

ഹർജി സിംഗിൾ ബെഞ്ച് ഫയലിൽ സ്വീകരിക്കാത്ത സാഹചര്യത്തിൽ, വിധി പകർപ്പ് ലഭിച്ചാലുടൻ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ,സെക്രട്ടറി എം ഷാജർഖാൻ എന്നിവർ അറിയിച്ചു. സെർച്ച് കമ്മിറ്റി റദ്ദാക്കിയ ശേഷം സർവകലാശാലാ നിയമം അവഗണിച്ച് 60 വയസ്സ് പൂർത്തിയായ വിസി ക്ക് പുനർനിയമനം നൽകിയ ഗവർണറുടെ നടപടിയുമാണ് ഹർജ്ജിയിൽ ചോദ്യം ചെയ്തത്.

പുനർനിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി യുടെ അനധികൃത ഇടപെടലും കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്തും വിസി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടലും പുറത്തുവരുന്നതിനുമുൻപാണ് ഹർജ്ജിയിൽ കോടതി പ്രാഥമിക വാദം കേട്ടത്. വിസി നിയമനത്തിലെ ചട്ട ലംഘനങ്ങൾ അപ്പീൽ കോടതി പരിഗണിക്കുമെന്നുറപ്പുണ്ട്.

സംസ്ഥാനത്ത് ആദ്യമായാണ് കാലാവധി പൂർത്തിയാക്കിയ വൈസ് ചാൻസലർക്ക് തുടർന്ന് ഒരു കാലാവധിയിലേക്ക് പുനർ നിയമനം നൽകുന്നത്.ഈ കീഴ്‌വഴക്കം തുടർന്നാൽ പുനർ നിയമനം നേടുന്നതിനായി എന്ത് സമ്മർദ്ദങ്ങൾക്കും വഴിപെടാൻ വിസി മാർ നിർബന്ധിതരാകുമെന്ന്ക്യാമ്പയിൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.