മടക്കയാത്ര; നിർധന തൊഴിലാളികളുടെ യാത്രക്കൂലി കോൺഗ്രസ് നൽകുമെന്ന് സോണിയ; പിസിസികൾക്ക് നിർദേശം

ന്യൂഡെൽഹി: നിർധനരായ ഇതര സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ യാത്രക്കുലി കോൺഗ്രസ് വഹിക്കുമെന്ന് പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി അറിയിച്ചു.
ലോകം മുഴുവനും കൊറോണ  പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളില്‍ നിന്നും കേന്ദ്രം നിരക്ക് ഈടാക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് സോണിയ പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കേണ്ട അവസരമാണിത്. അതുകൊണ്ട് കോൺഗ്രസിന്റെ എളിയ സേവനമാണിതെന്നും കോൺഗ്രസ് ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.

സ്വന്തം നാട്ടിലേക്ക് മടങ്ങുന്നവരുടെ ട്രെയിൻ യാത്രാച്ചെലവ് അതത് കോൺഗ്രസ് പ്രാദേശിക കമ്മിറ്റികൾ വഹിക്കണമെന്ന് കോൺഗ്രസ്‌ കീഴ്ഘടകങ്ങൾക്ക് നിർദേശം നൽകി.

1947 ല്‍ വിഭജനത്തിന് ശേഷം ഇന്ത്യ ഇതുപോലൊരു ദുരന്തം നേരിടുന്നത് ഇതാദ്യമാണ്. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളും ജോലിക്കാരും ഭക്ഷണമോ മരുന്നോ ഗതാഗത സൗകര്യമോ ഇല്ലാതെ നാടെത്താന്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടക്കേണ്ടി വരുന്നു. ട്രംപിന്റെ സന്ദർശന വേളയിൽ ഗുജറാത്തിൽ സംഘടിപ്പിച്ച ഒരു പരിപാടിക്ക് മാത്രം ചെലവഴിച്ചത് 100 കോടി രൂപയാണ്. ആസർക്കാരാണ് ലോക്ക്ഡൗണിൽ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ യാത്രാക്കൂലി ഈടാക്കുന്നത്. നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് കുടിയേറ്റ തൊഴിലാളികള്‍. രാജ്യപുരോഗതിയുടെ അംബാസിഡര്‍മാരാണ് അവര്‍ – എന്നാണ് സോണിയ പ്രസ്താവനയിൽ പറഞ്ഞത്.

തൊഴിലാളികൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന കോൺഗ്രസ് ആവശ്യം കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും അവഗണിച്ചിരുന്നു.