മിൻസ്ക്: ബെലാറസ് പ്രസിഡൻ്റിൻ്റെ ഏകാധിപത്യ ഭരണം അവസാനിപ്പിക്കാൻ ജനകീയ പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് സെർജി ടിഖനോവ്സകിക്ക് 18 വർഷം തടവ്. കലാപം സംഘടിപ്പിച്ചത് അടക്കമുള്ള കുറ്റം ചുമത്തിയാണ് സെർജി ടിഖനോവ്സകിയെ ശിക്ഷിച്ചത്.
1994 മുതൽ ബെലാറസിൽ അധികാരം കൈയാളുകയാണ് “യൂറോപ്പിലെ അവസാന ഏകാധിപതി’ എന്ന് വിളിപ്പേരുള്ള പ്രസിഡൻ്റ് അലക്സാണ്ടർ ലുകാഷെങ്കോ. ലുകാഷെങ്കോയെ താഴെയിറക്കാൻ 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകനും ബ്ലോഗറുമായിരുന്ന ടിഖനോവ്സ്കിയെ വോട്ടെടുപ്പിന് മുമ്പ് തടഞ്ഞുവയ്ക്കുകയായിരുന്നു.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ചതിനും ലുകാഷെങ്കോയെ “പാറ്റ’ എന്നു വിളിച്ചതിനും സെര്‍ജിയെ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സെര്‍ജിക്ക് അനുമതി നിഷേധിച്ചു. ഇതോടെ തന്റെ ഭര്‍ത്താവിനുവേണ്ടി 37-കാരിയായ സ്വെറ്റ്ലാന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ലുകാഷെങ്കോയ്ക്കെതിരേ മത്സരിച്ചു.
സര്‍ക്കാര്‍ വിരുദ്ധ സമരം ഇത്രയേറെ ശക്തമായിരുന്നിട്ടും ഒരു സ്വതന്ത്രനിരീക്ഷകരുടെയും മേല്നോട്ടമില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ലുകാഷെങ്കോ 80.23 ശതമാനം വോട്ടുനേടിയപ്പോള്‍ സ്വെറ്റ്ലാന നേടിയത് വെറും 10 ശതമാനം വോട്ടുമാത്രമാണെന്നായിരുന്നു തെരഞ്ഞെടുപ്പു ഫലം. പിന്നാലെ രാജ്യത്ത് കലാപം പൊട്ടിപുറപ്പെട്ടു.
പ്രക്ഷോഭം അടിച്ചമർത്താൻ സ്വെറ്റ്ലാനയെ തടവിലാക്കിയ പോലീസ് അവരെ നിര്‍ബന്ധിച്ച് ലിത്വാനിയയിലേക്ക് നാടുകടത്തി. തന്റെ വിജയത്തെക്കുറിച്ച് അമിത ആത്മവിശ്വാസമുണ്ടായിരുന്നെന്നും മക്കളുടെ ജീവനെ കരുതി നാടുവിടുകയാണെന്നും സ്വെറ്റ്ലാന ലിത്വാനിയയില്‍നിന്ന് ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞത്.