ബെയ്ജിങ്: കൊറോണ വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവർക്ക് ഒമിക്രോൺ വകഭേദത്തിൽനിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം.
എന്നാൽ മറ്റു വകഭേദങ്ങളെക്കാൾ ഒമിക്രോൺ അപകടം വിതയ്ക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. എമെർജിങ് മൈക്രോബ്സ് ആൻഡ് ഇൻഫെക്ഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. രോഗമുക്തി നേടിയ 28 പേരുടെ സാംപിളുകളാണ് ഗവേഷകർ പരിശോധിച്ചത്.
“വാക്സിനെടുത്ത, കൊറോണ വന്നിട്ടുള്ളവരുടെ രോഗപ്രതിരോധശേഷിയിൽ ഒമിക്രോൺ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഒമിക്രോണിനെതിരായ പ്രതിരോധശേഷി ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നുണ്ട്,” പഠനത്തിന് നേതൃത്വംനൽകിയ യൗഷുൻ വാങ് പറഞ്ഞു.
രോഗമുക്തിനേടി ആറുമാസങ്ങൾക്കുശേഷം വാക്സിൻ പ്രതിരോധം ക്രമാതീതമായി കുറയുന്നുമുണ്ട്. വിശദമായ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു.