പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല: കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയില്‍ അറിയിച്ചു. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ല എന്നാണ് കൗണ്‍സിലിലുണ്ടായ ഏകകണ്ഠമായ തീരുമാനം. വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നും ജി.എസ്.ടി കൗണ്‍സില്‍ നിലപാട് എടുത്തതായി കേന്ദ്രസ‍ർക്കാർ ​ഹൈക്കോടതിയെ അറിയിച്ചു.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസാണ് പെട്രോളിയം നികുതിയെന്നും കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പെട്രോളിനെ ജിഎസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും സ‍ർക്കാർ ചൂണ്ടിക്കാട്ടി.

കൊറോണ പുനരുജ്ജീവന പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം കണ്ടത്തേണ്ടതുണ്ടെന്നും പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്.ടിയിൽ കൊണ്ടുവരുന്നതിന് തടസ്സമായി സ‍ർക്കാർ ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. പെട്രോളിയം ഉല്‍പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയിൽ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.

വില വ‍ധനവിന്‍റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉത്പന്നങ്ങളെക്കൂടി ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുളളത്. ഹ‍ർജിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കണമെന്ന് ഹൈക്കോടതി കേന്ദ്രസ‍ർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നികുതി വിഷയങ്ങളിൽ അന്തിമ തീരുമാനം ജി.എസ്.ടി കൗൺസിലാണ് സ്വീകരിക്കുകയെന്നും വിഷയം അവിടെ ച‍ർച്ച ചെയ്യുമെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. തുട‍ർന്ന് ജി.എസ്.ടി കൗൺസിലിൽ ഈ വിഷയം ച‍ർച്ചയായെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളെല്ലാം പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതി‍ർത്തു.