കൊച്ചി: വാഹന പരിശോധനയുടെ ദൃശ്യം മൊബൈലിൽ പകർത്തിയ ആളെ പോലീസ് പീഡനത്തിനിരയാക്കുന്നതായി പരാതി. നെട്ടൂർ സ്വദേശി അനിത് എന്നയാളെയാണ് പനങ്ങാട് പോലീസ് ഒരു രാത്രി ഉറക്കം കെടുത്തിയത്. ഞായർ വൈകിട്ട് നെട്ടൂർ പിഡബ്ലിയുഡി റോഡിലാണ് സംഭവങ്ങളുടെ തുടക്കം.
രണ്ടു വാഹനങ്ങളിലായി എത്തിയ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നത് അതുവഴി കടന്നു പോകുമ്പോൾ നെട്ടൂർ സ്വദേശിയയായ ആൾ മൊബൈലിൽ പകർത്തി. ഇതു ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു പോലീസ് വാഹനം തടഞ്ഞു നിർത്തി താക്കോൽ ഊരിയെടുക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
തുടർന്നു വാഹനത്തിന്റെ രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. രജിസ്ട്രേഷൻ രേഖകൾ വീട്ടിലുണ്ടെന്നും ഹാജരാക്കാമെന്നു പറഞ്ഞു സമീപത്തുതന്നെയുള്ള വീട്ടിൽ പോയി വാഹനരേഖകളുമായി തിരികെ എത്തിയപ്പോഴേക്കും സ്കൂട്ടറുമായി പോലീസ് സ്ഥലം വിട്ടിരുന്നു.
തുടർന്നു പനങ്ങാട് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴാവട്ടെ, ഭീഷണി സ്വരത്തിലായിരുന്നുവത്രെ മറുപടി. പിന്നീടു വാഹനം തിരികെ കിട്ടാൻ രണ്ടു തവണ സ്റ്റേഷനിൽ ചെന്നെങ്കിലും രാവിലെ വരാൻ പറഞ്ഞു മടക്കി വിട്ടു.
പണവും എടിഎം കാർഡ് അടങ്ങുന്ന പേഴ്സും പ്രായമായ അമ്മയ്ക്കു വേണ്ടിയുള്ള മരുന്നും സ്കൂട്ടറിൽ സൂക്ഷിച്ചിട്ടുണ്ടെന്നു വാഹനത്തിന്റെ രേഖകൾ കാണിച്ച് അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അനുമതി ഇല്ലാതെ സ്കൂട്ടർ നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു പോലീസ്.
ഭാര്യയുടെ പേരിലുള്ള സ്കൂട്ടർ വിട്ടുകിട്ടാൻ ഇന്നു രാവിലെ മൂന്നാം വട്ടവും സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പോലീസ് നടപടികളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനു കേരളാ പോലീസ് ആക്റ്റ് പ്രകാരം പൊതുജനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ വാഹനം തടഞ്ഞ് താക്കോൽ ഊരിയെടുത്തു സ്റ്റേഷനിൽ വിളിച്ചു വരുത്തിയും മറ്റും പീഡിപ്പിക്കുന്ന സംഭവം വിവാദമാവുന്നത്.