കൊച്ചി: മുന്‍ മിസ് കേരളയടക്കം മൂന്നു പേര് മരിച്ച കേസില്‍ അറസ്റ്റിലായ രണ്ടാം പ്രതി സൈജു തങ്കച്ചനെയും മൂന്നാം പ്രതിയും ഫോര്‍ട്ടു കൊച്ചിയിലെ നമ്പര്‍18 ഹോട്ടല്‍ ഉടമയുമായ റോയ് വയലാട്ടിനെയും വീണ്ടും ചോദ്യം ചെയ്തേക്കും. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് മറ്റു പോലീസ് സ്റ്റേഷനുകളില്‍ നിലനില്‍ക്കുന്ന കേസുകളാണിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ സാധ്യത.
സൈജുവിനെ നിലവില്‍ ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ നീക്കമുണ്ടെന്നും അറിയുന്നു. ചൊവ്വാഴ്ച ഹോട്ടലുടമ റോയിയെ ഒരു മണിക്കൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു.
കേസില്‍ ജാമ്യം ലഭിച്ച ശേഷം റോയി ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം സൈജുവിന്റെ ലഹരി ഇടപാടുകളെക്കുറിച്ച് അറിയില്ലെന്ന് റോയി പോലീസിനു മൊഴി നല്കി. സൈജുവിന്റെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനായി അന്വേഷണ സംഘം ഇയാളുടെ നഖവും മുടിയും തൃപ്പൂണിത്തുറയിലെ റീജണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സൈജുവിന്റെ ഫോണില്‍നിന്നു വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളുടെ ദൃശ്യങ്ങളും വീഡിയോകളും ക്രൈം ബ്രാഞ്ചിന് ലഭിച്ചിരുന്നു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.