ചെന്നൈ: രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ ഹെലികോപ്റ്റർ ദുരന്തത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നില അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ. മരണം 11 ആയി. ആകെ 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത് മരിച്ചതായി സ്ഥിരീകരിച്ചു .
കൂനൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരെയുള്ള കട്ടേരി പാർക്കിലാണ് അപകടം നടന്നത്. ലാൻഡിംഗിന് തൊട്ടുമുമ്പാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഹെലികോപ്റ്ററിൽ ആകെ 14 പേരുണ്ടായിരുന്നതിൽ 11 പേരും കൊല്ലപ്പെട്ടതായാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. മൂന്ന് പേരെയാണ് ജീവനോടെ രക്ഷിക്കാനായിട്ടുള്ളത്. ഇതിൽ ജനറൽ ബിപിൻ റാവത്തുമുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
അപകടത്തെക്കുറിച്ച് അൽപസമയത്തിനകം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ വിശദീകരിക്കും. അൽപസമയം മുമ്പ് അടിയന്തരകേന്ദ്രമന്ത്രിസഭാ യോഗം ചേർന്നിരുന്നു. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. പ്രതിരോധമന്ത്രി പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിക്കുന്നുണ്ട്. ഉന്നതസൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇപ്പോൾ ഒരു ഉന്നതതലയോഗം ഡെൽഹിയിൽ നടക്കുകയാണ്.
ദേശീയസുരക്ഷാ ഉപദേഷ്ടാവ് പാർലമെന്റിൽ എത്തിയിട്ടുണ്ട്. വ്യോമസേനാ മേധാവി എയർമാർഷൽ വി ആർ ചൗധരി അപകടസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രതിരോധമന്ത്രി ഊട്ടിയിലേക്ക് പുറപ്പെടുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും പിന്നീട് പോകുന്നില്ല എന്ന് അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടിയന്തരമായി ഊട്ടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.