അറ്റ് റിസ്‌ക് രാജ്യങ്ങളില്‍നിന്നു വന്ന മൂന്നു പേര്‍ക്ക് കേരളത്തിൽ കൊറോണ പോസിറ്റിവ്; നാലു പേര്‍ ഫലം കാത്തിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനം മൂലം അറ്റ് റിസ്‌ക് എന്നു വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളില്‍നിന്നു വന്ന മൂന്നു പേര്‍ സംസ്ഥാനത്ത് കൊറോണ പോസിറ്റിവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നാലു പേര്‍ ഫലം കാത്തിരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒമൈക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍നിന്നു വന്നവര്‍ പോസിറ്റിവ് ആയാല്‍ ജീനോം സീക്വന്‍സിങ് നടത്തണമെന്നാണ് ചട്ടം. അത് അനുസരിച്ച് മൂന്നു പേരുടെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

അതേസമയം ഡിഎംഒമാര്‍ക്ക് വാര്‍ത്താ വിലക്ക് ഏര്‍പ്പെടുത്തിയെന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വകുപ്പിന്റെ വാര്‍ത്തകള്‍ക്ക് ഏകീകൃത രൂപം കിട്ടാന്‍ ലക്ഷ്യമിട്ടാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കിയത്. എന്നാൽ ഇക്കാര്യത്തിൽ പുനപ്പരിശോധനയില്ലെന്ന് മന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ നടത്തിയ മിന്നല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫിസര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു മറുപടി പറയാനില്ല. ആശുപത്രികളിലെ മിന്നല്‍ സന്ദര്‍ശനം തുടരുമെന്ന് മന്ത്രി പറഞ്ഞു. തന്നെ ഇല്ലാത്ത യോഗത്തിന്റെ പേരില്‍ തിരുവനന്തപുരത്തേക്കു വിളിപ്പിച്ചാണ് അട്ടപ്പാടിയില്‍ മന്ത്രി മിന്നല്‍ സന്ദര്‍ശനം നടത്തിയതെന്ന് നോഡല്‍ ഓഫിസര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.