ആങ് സാന്‍ സ്യൂചി വീണ്ടും ജയിലിലേക്ക് ; നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു

യാങ്കൂൺ : മ്യാന്മറിൽ അധികാരത്തിൽ നിന്ന് പുറന്തള്ളപ്പെട്ട ജനാധിപത്യ പോരാളിയും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓങ് സാന്‍ സ്യൂചിയെ നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. കൊറോണ ചട്ടങ്ങൾ ലംഘിച്ചെന്നതും ജനത്തിനിടയിൽ വിഭാഗീയത സൃഷ്ടിച്ചതിനുമാണ് കേസ്. സ്യൂചിക്കെതിരെ 11 ഓളം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതെല്ലാം സ്യൂചി നിരസിക്കുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മുതൽ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. സ്യൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വെച്ചുമാണ് മ്യാന്മറിൽ സൈന്യം ഭരണം പിടിച്ചത്.

ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിന് രണ്ട് വര്‍ഷവും കൊറോണ പ്രോട്ടോക്കോള്‍ ലംഘനത്തിന് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരവും രണ്ട് വര്‍ഷവുമാണ് ശിക്ഷ വിധിച്ചതെന്ന് ജുണ്ട വക്താവ് സോ മിന്‍ തുന്‍ വാര്‍ത്ത ഏജന്‍സിയായ എഎഫ്പിയോട് പ്രതികരിച്ചു. 76കാരിയായ സ്യൂചിയുടെ സര്‍ക്കാരിനെ ഫെബ്രുവരി ഒന്നിന് സൈന്യം അട്ടിമറിച്ചതിനു ശേഷം അവര്‍ വീട്ടുതടങ്കലിലായിരുന്നു.

കോടതി ശിക്ഷിച്ചെങ്കിലും സ്യൂചിയെ എപ്പോഴാണ് ജയിലിലേക്ക് മാറ്റുകയെന്ന് വ്യക്തമല്ല. സ്യൂചിക്കൊപ്പം കുറ്റവിചാരണ ചെയ്യപ്പെട്ട മുൻ മ്യാന്മർ പ്രസിഡന്റും സ്യൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി പാർട്ടി സഖ്യനേതാകവുമായ വിൻ മ്യിന്റിനെ തിങ്കളാഴ്ച സമാന കുറ്റങ്ങൾ ചുമത്തി നാല് വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു.

സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. 76 കാരിയാണ് സ്യൂചി. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സുകിക്കെതിരെ ഇനിയും നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

സ്യൂചിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, അഴിമതി, തിരഞ്ഞെടുപ്പ് ക്രമക്കേട് തുടങ്ങിയ കുറ്റങ്ങളുമുണ്ട്. ഈ കേസുകളിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഒരു പതിറ്റാണ്ടിലേറെ ഇനിയും ജയില്‍ വാസം അനുഭവിക്കേണ്ടിവരും. നായ്‌പേയ്‌ഡോയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടപടികള്‍ നടന്നത്.

കോടതി മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സൂ ചിയുടെ അഭിഭാഷകനും മാധ്യമങ്ങളോട് പ്രതികരിക്കുന്നത് അടുത്തകാലത്ത് വിലക്കിയിരുന്നു. സ്യൂചിയുടെ നാഷണല്‍ ലീഗ് പാര്‍ട്ടിയിലെ മറ്റ് പ്രമുഖരും നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രിയെ ഈ മാസമാണ് 75 വര്‍ഷം തടവിന് ശിക്ഷിച്ചത്. സ്യൂചിക്കെതിരായ നടപടിയെ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു. ജനാധിപത്യ പോരാട്ടങ്ങളുടെ പേരില്‍ നിരവധി തവണ വീട്ടു തടങ്കലിലായിരുന്ന സൂചിയെ 2010 നവംബറിലാണ് പട്ടാള ഭരണകൂടം മോചിപ്പിക്കാന്‍ തയ്യാറായത്.