റിസോർട്ടിൽ ലഹരിപ്പാർട്ടി; നാലു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാരക്കാട് റിസോർട്ടിൽ ലഹരി പാർട്ടി. പാർട്ടി നടത്തിപ്പുകാരിൽ നിന്ന് എക്സൈസ് ലഹരി വസ്തുക്കൾ പിടികൂടി. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.

ഇന്നലെ രാത്രി തുടങ്ങിയ പാർട്ടി ഇന്നു ഉച്ചവരെ നീണ്ടു. ‘നിർവാണ’ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചോദ്യം ചെയ്ത് വരികയാണ്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് ലഹരി പിടികൂടിയത്.

ആര്യനാട് സ്വദേശി അക്ഷയ് മോഹനാണ് ഡ‍ിജെ പാർട്ടി സംഘടിപ്പിച്ചത് ഇയാൾക്കൊപ്പം കണ്ണാന്തുറ സ്വദേശി പീറ്റർ ഷാനും പിടിയിലായിട്ടുണ്ട്. പാർട്ടിയിൽ സ്ത്രീകൾ ഉൾപ്പെടെ 50 പേർ പങ്കെടുത്തു. നിർവാണ മ്യൂസിക് ഫെസ്റ്റിവൽ എന്ന പേരിലാണ് പാർട്ടി സംഘടിപ്പിച്ചത്. പ്രവേശനത്തിനായി ഒരാളിൽ നിന്ന് ആയിരം രൂപ വച്ച് വാങ്ങിയെന്നാണ് എക്സൈസ് പറയുന്നത്. പാർട്ടിയിൽ പങ്കെടുക്കാനും മദ്യത്തിനും പിന്നെയും തുക നൽകിയെന്നാണ് പിടിയിലായവരുടെ മൊഴി. പാർട്ടിയിൽ പങ്കെടുത്ത 20 പേർ ഇപ്പോഴും റിസോർട്ടിനകത്താണ്.

പൂവാർ ഐലൻഡിലാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ബോട്ടിൽ മാത്രമേ അങ്ങോട്ടേക്ക് പോകാനാകൂ. റിസോർട്ട് ഉടമയുടെ കൂടി ഒത്താശയോടെയാണ് ലഹരി പാർട്ടി സംഘടിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. പാർട്ടിക്ക് വരുന്നവർക്കായി പ്രത്യേകം ബോട്ടുകൾ അടക്കം സജ്ജമാക്കിയിരുന്നു. അക്ഷയ് മോഹൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസമായി വാട്സാപ്പിലൂടെയാണ് ലഹരിപാ‍ർട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചത്. എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കൾ പാർട്ടിയിൽ ലഭ്യമാക്കിയിരുന്നു.

പാർട്ടിയിൽ പങ്കെടുത്ത പലരും ഇപ്പോഴും ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുണ്ടായ ബോധം മങ്ങിയ അവസ്ഥയിലാണ്. ഇത് കാര്യങ്ങൾ ചോദിച്ചറിയുന്നതിന് തടസമാകുന്നുണ്ട്.