ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകം; വിചാരണ നടപടികള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിർദേശം

കൊച്ചി: ലാത്വിയന്‍ സ്വദേശിനിയുടെ കൊലപാതകത്തില്‍ വിചാരണ നടപടികള്‍ 10 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണ നീണ്ടുപോകുന്നതിനാല്‍ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേരളത്തിലെത്തിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്.

കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കുറ്റപത്രം യഥാസമയം നല്‍കാത്തതിനാല്‍ പ്രതികള്‍ സ്വാഭാവിക ജാമ്യത്തില്‍ സ്വതന്ത്രരായി ജീവിക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നീതി ലഭിച്ചില്ലെന്നും വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടുകയുള്ളുവെന്നും ഇവര്‍ പറഞ്ഞു.

2018 മാര്‍ച്ച് 14 നാണ് കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് ഉമേഷ്, ഉദയന്‍ എന്നീ യുവാക്കളാണ്. യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാല്‍ കുറ്റപത്രം വൈകി.

കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ മൂന്ന് വര്‍ഷമായി സ്വതന്ത്രരായി കഴിയുകയാണ്. സര്‍ക്കാരും പൊലീസും നല്‍കിയ ഉറപ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ച ഉടന്‍ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ അധികൃതരുടെ അലംഭാവം മൂലം കേസില്‍ ഒന്നും സംഭവിച്ചില്ല.