തൊടുപുഴ: സ്റ്റേഷനിലെ ലോക്കപ്പിൽനിന്ന് പോലീസിനെ വെട്ടിച്ച് പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ച സംഭവത്തിൽ പോലീസുകാർക്ക് സസ്പെൻഷൻ. എസ്ഐ ഷാഹുൽ ഹമീദ്, സിപിഒ നിഷാദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എറണാകുളം റേഞ്ച് ഡിഐജിയാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. രക്ഷപ്പെട്ട പ്രതി വെള്ളിയാഴ്ചയാണ് പുഴയിൽ മുങ്ങിമരിച്ചത്.
കോലാനി പാറക്കടവ് കുളങ്ങാട്ട് ഷാഫി കെ. ഇബ്രാഹിം(29)ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. കഴിഞ്ഞ 30ന് നഗരത്തിലെ ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസിലാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച ഷാഫിയെ സെല്ലിലിട്ടെങ്കിലും താഴിട്ട് പൂട്ടിയിരുന്നില്ല. ഇതിനിടെ അകത്തുനിന്നും സെല്ലിന്റെ വാതിൽ തുറന്ന് ഇയാൾ ഓടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസുകാർ പിന്നാലെ ഓടിയെത്തിയെങ്കിലും പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിന്ന് ഇയാൾ തൊടുപുഴയാറ്റിലേക്ക് ചാടുകയായിരുന്നു.
കല്ലൂർക്കാട് നിന്നെത്തിയ സ്കൂബാ ടീം മലങ്കര ഡാമിന്റെ ഷട്ടറുകൾ താഴ്ത്തി വെള്ളമൊഴുക്ക് നിയന്ത്രിച്ചു നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.