ന്യൂഡെൽഹി: ആദ്യകാല ടെലിവിഷൻ മാധ്യമപ്രവർത്തകരിൽ ഒരാളും മുതിർന്ന മാധ്യമപ്രവർത്തകനുമായ വിനോദ് ദുവ (67) അന്തരിച്ചു. ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊറോണാനന്തര ചികിത്സയിലായിരുന്ന ദുവയെ ആരോഗ്യനില വഷളായതിനെത്തുടർന്നാണ് ഡെൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
ദൂരദർശൻ, എൻഡിടിവി തുടങ്ങി നിരവധി മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊറോണ ബാധിച്ച് ഈ വർഷം ജൂണിൽ ദുവയുടെ ഭാര്യയും റേഡിയോളജിസ്റ്റുമായ പത്മാവതി(ചിന്ന ദുവ – 61) അന്തരിച്ചിരുന്നു. ഹാസ്യതാരവും എഴുത്തുകാരിയുമായ മല്ലിക ബർകുർ ദുവയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ബക്കുൽ ദുവയുമാണ് മക്കൾ.
മാധ്യമരംഗത്തെ മികവിന് 2008 ൽ പത്മശ്രീക്ക് അർഹനായ വിനോദ് ദുവ 1996 ൽ രാംനാഥ് ഗോയങ്ക പുരസ്കാരം നേടുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ്. 2017 ൽ മാധ്യമരംഗത്തെ മികവിന് മുംബൈ പ്രസ് ക്ലബിന്റെ റെഡിങ്ക് പുരസ്കാരം നേടി.
1954 മാർച്ച് 11 നാണ് ജനനം. ഹൻസ് രാജ് കോളജിൽ നിന്ന് സാഹിത്യത്തിൽ ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. 1974 ൽ യുവാക്കൾക്കായി ദൂരദർശനിൽ(അന്നത്തെ ഡൽഹി ടെലിവിഷൻ) തുടക്കമിട്ട ഹിന്ദി പരിപാടി ‘യുവ മഞ്ചി’ലൂടെയായിരുന്നു ടെലിവിഷൻ സ്ക്രീനിലെ അരങ്ങേറ്റം.
1975 ൽ റായ്പൂരിലെ യുവാക്കൾക്കായി തുടങ്ങിയ ‘യുവ് ജാൻ’, അമൃത്സർ ടിവിയിലെ ‘ജവാൻ തരംഗ്’ തുടങ്ങിയവയുടെ അവതരണം ഈ മേഖലയിലെ പുതുമയായിരുന്നു. 1981 ൽ വിനോദ് ദുവയുടെ ‘ആപ് കേ ലിയേ’ എന്ന പ്രതിവാര ടിവി ഷോ ഏറെ ശ്രദ്ധേയമായി. 1984 ൽ പ്രണോയ് റോയുമൊത്ത് ദൂരദർശനിൽ നടത്തിയ തിരഞ്ഞെടുപ്പു വിശകലനങ്ങളിലൂടെയാണ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയത്. നിരവധി ടെലിവിഷൻ ചാനലുകളിൽ തിരഞ്ഞെടുപ്പ് വിശകലനം നടത്താൻ ഇത് ദുവയ്ക്ക് സഹായകമായി. 1987 ൽ ടിവി ടുഡെയിൽ ചീഫ് പ്രൊഡ്യൂസറായി. സീ ടിവി, സഹാറ ടിവി, എൻഡിടിവി, ദ് വയർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിലും പ്രവർത്തിച്ചു.
2020 മാർച്ച് 30 ൽ യുട്യൂബിലൂടെ സംപ്രേക്ഷണം ചെയ്ത ദൃശ്യമാധ്യമ പരിപാടിയിൽ മോദി സർക്കാരിനെ വിമർശിച്ചുനടത്തിയ പരാമർശങ്ങളുടെ പേരിൽ ദുവയ്ക്കെതിരെ ചുമത്തിയ കേസ് ഈ വർഷം ആദ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. അക്രമത്തിനു പ്രേരകമല്ലെങ്കിൽ, എത്ര കടുത്ത ഭാഷയിൽ സർക്കാരിനെ വിമർശിച്ചാലും രാജ്യദ്രോഹമല്ലെന്ന 1962 ലെ വിധിയുടെ സംരക്ഷണം മാധ്യമപ്രവർത്തകർക്കുണ്ടെന്ന് സുപ്രീം കോടതി ഈ വിധിയിൽ വീണ്ടും വ്യക്തമാക്കിയത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.