ന്യൂഡെൽഹി: ഹിന്ദുവിവാഹ നിയമത്തിനുകീഴിൽ സ്വവർഗവിവാഹം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡെൽഹി ഹൈക്കോടതിയിൽ ഹർജി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം മാത്രമേ അത് രജിസ്റ്റർചെയ്യാൻ അനുവദിക്കാവൂയെന്നും സേവാ ന്യായ ഉത്താൻ ഫൗണ്ടേഷൻ എന്ന സംഘടന ഫയൽചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടു.
സ്വവർഗവിവാഹം രജിസ്റ്റർചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റു കേസുകൾക്കൊപ്പം ഇതും ഫെബ്രുവരി മൂന്നിന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ഹിന്ദുമതത്തിൽ വിവാഹം മതവുമായും മതഗ്രന്ഥങ്ങളുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്ന ദിവ്യമായ ഒന്നാണ്. അതിനാൽ പങ്കാളികൾ തമ്മിലുള്ള കരാറെന്നനിലയ്ക്കുള്ള സ്പെഷ്യൽ മാര്യേജ് നിയമപ്രകാരമേ അനുവദിക്കാവൂ.
ഹിന്ദുനിയമപ്രകാരം സ്വവർഗവിവാഹം അനുവദിക്കുന്നത് മതസംവിധാനത്തിന് എതിരാകും. പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയവയെയും ബാധിക്കും. വേദഗ്രന്ഥങ്ങൾപ്രകാരം വിവാഹം സ്ത്രീയും പുരുഷനും തമ്മിലാണ് നടക്കേണ്ടത്.
വിവാഹസമയത്ത് ചൊല്ലുന്ന ഒട്ടുമിക്ക വേദമന്ത്രങ്ങളിലും പുരുഷനേയും സ്ത്രീയേയുമാണ് പരാമർശിക്കുന്നത്. ചരിത്രാതീതകാലംമുതൽ ഇതാണ് ഹിന്ദു സമ്പ്രദായത്തിൽ നടപ്പായിവരുന്നതെന്നും ഹർജിയിൽ പറയുന്നു.