വാഷിംഗ്ടൺ: ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റും മുഖ്യമന്ത്രിയുടെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥ് ഐഎംഎഫിന്റെ തലപ്പത്തേക്ക്. മലയാളിയായ ഗീതാ ഗോപിനാഥ് ജനുവരിയിൽ ഐഎംഎഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി ചുമതലയേൽക്കും.
ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവയുടെ കീഴിൽ സേവനമനുഷ്ഠിക്കുന്ന ജെഫ്രി ഒകമോട്ടോയുടെ പിൻഗാമിയായാണ് ഗീതാ ഗോപിനാഥ് എത്തുന്നത്. ഇത് ആദ്യമായാണ് രണ്ട് വനിതകൾ ഐഎംഎഫിന്റെ നേതൃ സ്ഥാനങ്ങളിലേക്ക് എത്തുന്നത്. നേതൃസ്ഥാനം ഏറ്റെടുക്കാൻ ‘ശരിയായ സമയത്ത് ശരിയായ വ്യക്തി’ എത്തുന്നു എന്ന് ഐഎംഎഫ് മേധാവി ജോർജീവ ഗീതാ ഗോപിനാഥിന്റെ നിയമനത്തെക്കുറിച്ച് പറഞ്ഞു.
കൊറോണ മഹാമാരിയിൽ ഐഎംഎഫിന്റെ അംഗരാജ്യങ്ങൾ അഭിമുഖീകരിക്കുന്ന മാക്രോ ഇക്കണോമിക് വെല്ലുവിളികളുടെ സമയത്ത് ലോകത്തിലെ മുൻനിര മാക്രോ ഇക്കണോമിസ്റ്റുകളിലൊരാളായ ഗീതയ്ക്ക് ഇത് കൈകാര്യം ചെയാനുള്ള കൃത്യമായ വൈദഗ്ദ്ധ്യം ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായി ജോർജീവ പ്രസ്താവനയിൽ പറഞ്ഞു.
2018 ഒക്ടോബറിൽ ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനത്ത് നിയമിതയായ ഗീത ഗോപിനാഥ് ജനുവരിയിൽ ഹാർവാർഡ് സർവകലാശാലയിലെ തന്റെ ജോലിയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഗീതാ ഗോപിനാഥ് ഹാർവാർഡ് വിടുമെന്നാണ് സൂചന. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും ഗീതാ ഗോപിനാഥിന് യുഎസ് പൗരത്വമാണുള്ളത്.