ഭീമാ കൊറേഗാവ് കേസ്; സുധാ ഭരദ്വാജിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിക്കും

ന്യൂഡെൽഹി: ഭീമാ കൊറേഗാവ് കേസിൽ മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ സുധാ ഭരദ്വാജിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സുപ്രീം കോടതിയെ സമീപിക്കും. ബുധനാഴ്ചയാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2018 ഓഗസ്റ്റ് 28 നാണ് അഞ്ച് മനുഷ്യാവകാശപ്രവർത്തകരെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭീമ-കൊരേഗാവിൽ സാമുദായികസംഘർഷമുണ്ടാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിയ്ക്കാനും ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയുള്ള അറസ്റ്റിൽ തെളിവുകളായി ചൂണ്ടിക്കാണിച്ച കത്തുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്ന് തുടക്കം മുതലേ സുധാ ഭരദ്വാജ് ആരോപിക്കുന്നുണ്ട്. അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവർത്തകർക്ക് മാവോവാദി ബന്ധമുണ്ടായിരുന്നു എന്നായിരുന്നു പൊലീസീന്റെ ഭാഷ്യം. ഇത് തെളിയിക്കുന്ന ആയിരക്കണക്കിന് കത്തുകളാണ് മഹാരാഷ്ട്ര പൊലീസ് ഹാജരാക്കിയത്.

തെലു​ഗു കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവർത്തകരായ വെർണൻ ​ഗോൺസാൽവസ്, അരുൺ ഫെരേര, മാധ്യമപ്രവർത്തകൻ ​ഗൗതം നവലേഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഭീമാ കൊറേഗാവ് കേസിൽ എൻഐഎ കസ്റ്റഡിയിലിരിക്കെ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി മരിച്ചിരുന്നു.