കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്താവന സംസ്ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സിപിഎം ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ ആശങ്ക പരത്തുകയാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിയാണ് കഴിഞ്ഞ ദിവസം എംഎം മണി തുറന്നടിച്ചത്.
ഡാം അപകടാവസ്ഥയിലാണെന്നു താന്‍ നേരിട്ടു കണ്ടു ബോധ്യപ്പെട്ടതാണെന്നായിരുന്നു മണി പറഞ്ഞത്. അതോടെ, ഡാം അപകടാവസ്ഥയിലാണെന്നു പാര്‍ട്ടിക്കു വ്യക്തമായിട്ടും എന്തുകൊണ്ടു സുപ്രീം കോടതിയെയും മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്ന ചോദ്യം ഉയര്‍ന്നു.
സംസ്ഥാന വ്യാപകമായി മണിയുടെ പ്രസ്താവനയെ ചൊല്ലി തര്‍ക്കങ്ങളും ഉടലെടുത്തിട്ടുണ്ട്.
പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കെ സിപിഎമ്മിലെ വിഭാഗീയതയായി മുല്ലപ്പെരിയാര്‍ വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. അതിനാല്‍തന്നെ മണിയുടെ പരാമര്‍ശത്തോടു പ്രതികരിക്കാതെ നേതാക്കള്‍ ഒഴിഞ്ഞുമാറുകയാണ്. മണിയെ തള്ളാതെയും വാദം പൂര്‍ണമായും അംഗീകരിക്കാതെയുമായിരുന്നു പല നേതാക്കളുടെയും ഇന്നലത്തെ പ്രതികരണം.