ഒമിക്രോൺ ഭീതി; കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അനുമതി തേടി

ന്യൂഡെല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീഷണി നിലനില്‍ക്കുന്നതിനിടെ, കോവിഷീല്‍ഡ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കുന്നതിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി തേടി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് ഇതുസംബന്ധിച്ച് കമ്പനി അപേക്ഷ നല്‍കിയത്. നിലവില്‍ ആവശ്യത്തിന് വാക്‌സിന്‍ സ്‌റ്റോക്കുണ്ട്. പുതിയ കൊറോണ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസിന് ആവശ്യക്കാര്‍ വര്‍ധിച്ചുവരുന്നതായും കമ്പനി അറിയിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

യുകെയുടെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ഇതിനകം ആസ്ട്രാസെനേക്കയുടെ ബൂസ്റ്റര്‍ ഡോസ് അംഗീകരിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിംഗ് അറിയിച്ചു. ലോകം മഹാമാരിയെ അഭിമുഖീകരിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍, പല രാജ്യങ്ങളും കൊറോണ വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അപേക്ഷയില്‍ വ്യക്തമാക്കുന്നു.

ബൂസ്റ്റര്‍ ഡോസോ, അധിക ഡോസോ നല്‍കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സമഗ്രപദ്ധതി രണ്ടാഴ്ചക്കകം പുറത്തുവിടുമെന്ന് കഴിഞ്ഞദിവസം കൊറോണ ദൗത്യസംഘം തലവന്‍ അറിയിച്ചിരുന്നു. കുട്ടികള്‍ക്ക് വാക്‌സിന്‍ എന്നുമുതല്‍ നല്‍കുമെന്ന കാര്യത്തില്‍ വരുംദിവസങ്ങളില്‍ തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.