ന്യൂഡെൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയത് കർഷകരുടെ വിജയവും രാജ്യത്തിന്റെ വിജയവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിൻ്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയത് കർഷകരുടെ വിജയമാണ്. എന്നാൽ, ഒരു ചർച്ചയും കൂടാതെ വെറും നാല് മിനിറ്റിനുള്ളിൽ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ചര്‍ച്ചകളെ കേന്ദ്രസര്‍ക്കാര്‍ ഭയക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “ഞങ്ങൾക്ക് എംഎസ്പി (പ്രശ്നം) ചർച്ച ചെയ്യണമെന്നുണ്ടായിരുന്നു, ലഖിംപൂർ ഖേരി സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു, ഈ പ്രക്ഷോഭത്തിൽ മരിച്ച 700 കർഷകരെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾ ആഗ്രഹിച്ചു, നിർഭാഗ്യവശാൽ ആ ചർച്ച അനുവദിച്ചില്ല,” രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം കർഷക നിയമങ്ങൾ പിൻവലിക്കുന്ന ബിൽ ചർച്ചയില്ലാതെ ഇരു സഭകളിലും പാസാക്കി. ബിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ഇരുസഭകളിലും അധ്യക്ഷന്മാർ തള്ളി. ബില്ലിനെ കുറിച്ച് പ്രാധാനമന്ത്രി ജനങ്ങളോട് വിവരിച്ചിട്ടുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. രാവിലെ കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കിയിരുന്നു.
ലോക്സഭയിൽ ഈ ബില്ല് പാസ്സായ സ്ഥിതിക്ക് ഉച്ചയ്ക്ക് ശേഷം തന്നെ രാജ്യസഭയിലും ബില്ല് പാസ്സാക്കാൻ തന്നെയായിരുന്നു സർക്കാർ തീരുമാനം. വിവാദമായ മൂന്ന് കാർഷികനിയമങ്ങളാണ് പിൻവലിച്ചത്. ഈ നിയമങ്ങൾ പിൻവലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്സഭയിൽ അവതരിപ്പിച്ചു.
പ്രതിപക്ഷത്തിന്‍റെ ബഹളത്തിനിടയിൽ ബില്ല് ചർച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ബില്ല് രാജ്യസഭയിലും പാസ്സാക്കി.