ന്യൂഡെൽഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണിയിൽ രാജ്യാന്തര യാത്രക്കാർക്കുള്ള പുതുക്കിയ മാർഗരേഖ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യാത്രാ വിശദാംശങ്ങൾ യാത്രക്കാർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കേന്ദ്ര സർക്കാർ നടപടി ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തിലാണ്. യാത്രക്കാർക്കുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 12 ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കർശന നിബന്ധനകൾ പ്രായോഗികം.
അതേസമയം കൊറോണയുടെ വകഭേദമായ ഒമിക്രോണിന്റെ സാന്നിധ്യം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പാർലമെന്റിൽ അറിയിച്ചു . അടിയന്തര സാഹചര്യത്തെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഒമിക്രോണില്‍ രാജ്യത്ത് ആശങ്ക തുടരുമ്പോഴാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സാഹചര്യത്തില്‍ വ്യക്തത വരുത്തിയത്. രോഗബാധ സ്ഥിരീകരിക്കാന്‍ ജീനോം സ്വീക്വന്‍സിംഗ് അടക്കമുള്ള കൂടുതല്‍ വിദഗ്ധ പരിശോധനകളാണ് നടക്കുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് മുന്‍ കൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന മന്ത്രിയുടെ സ്ഥിരീകരണം താൽക്കാലികമെങ്കിലും ആശ്വാസകരമാണ്.
ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാകുമോയെന്ന സംശയം പല സംസ്ഥാനങ്ങളും ഉന്നയിക്കുമ്പോഴാണ് കേന്ദ്രം അക്കാര്യത്തിലും വ്യക്തത വരുത്തിത്. ആര്‍ടിപിസിആര്‍, ആന്‍റിജന്‍ പരിശോധനകളില്‍ വ്യക്തമാകാതിരിക്കാന്‍ ഒമിക്രോണിനാകില്ലെന്ന് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. അതിനാല്‍ പരിശോധന നിരക്ക് കുത്തനെ കൂട്ടി രോഗനിര്‍ണ്ണയം നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം.