ന്യൂഡെൽഹി: പന്ത്രണ്ട് രാജ്യസഭ എംപിമാരുടെ സസ്പെൻഷനെ ചൊല്ലി പ്രതിപക്ഷത്തിനും രാജ്യസഭ അദ്ധ്യക്ഷനും ഇടയിലെ ഏറ്റുമുട്ടൽ രൂക്ഷം. സഭയുടെ വിശുദ്ധി കെടുത്തിയവരുടെ സസ്പെൻഷൻ പിൻവലിക്കില്ലെന്ന് അദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് ഇരുസഭകളിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷം സമ്മേളനം ബഹിഷ്ക്കരിക്കുന്നത് പരിഗണിക്കുകയാണെന്ന് വ്യക്തമാക്കി.
എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പടെ 12 പേരുടെ സസ്പെൻഷനിൽ കടുത്ത നിലപാട് തുടരുകയാണ് വെങ്കയ്യ നായിഡു. സസ്പെൻഷൻ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അദ്ധ്യക്ഷൻ തള്ളി. കഴിഞ്ഞ സമ്മേളനത്തിൽ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്.
സഭയ്ക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്പെൻഷൻ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാർട്ടികളുടെ നേതാക്കൾ യോഗം ചേർന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്പെൻഷൻ പിൻവലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടിൽ പാർട്ടികൾ ഉറച്ചു നിൽക്കുകയാണ്.
വെങ്കയ്യ നായിഡുവിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്ന് സഭയിൽ നിന്നും ഇറങ്ങി പോയി. തുടർന്ന് അവർ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ്ണ നടത്തി. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ സമ്മേളനം ബഹിഷ്ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സർക്കാരിൻറെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും.
മല്ലികാർജ്ജുൻ ഖർഗെ വിളിച്ച പ്രതിപക്ഷ കക്ഷികളുടെ യോഗത്തിന് തൃണമൂൽ കോൺഗ്രസ് എത്തിതിരുന്നത് ശ്രദ്ധേയമായി. എന്നാൽ തൃണമൂൽ കോൺഗ്രസും ഇന്ന് സഭാ നടപടികൾ ബഹിഷ്ക്കരിച്ചു. ഏറ്റുമുട്ടൽ കടുക്കുമ്പോഴും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ നിന്നും അംഗങ്ങളുടെ സസ്പെൻഷൻ വിഷയത്തിലേക്ക് ശ്രദ്ധ തിരിക്കാൻ സർക്കാരിനായി.