ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ ശബ്ദ വോട്ടോടെയാണ് ബിൽ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബിൽ അവതരിപ്പിച്ചത്.
ബിൽ പാസാക്കിയതിന് പിന്നാലെ സഭ വീണ്ടും നിർത്തിവെച്ചു. ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേരും. രാവിലെ പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചത് മുതൽ ലോക്സഭയിൽ പ്രതിപക്ഷം ബഹളം ആരംഭിച്ചിരുന്നു. കാർഷിക നിയമം പിൻവലിക്കുന്നതിനുള്ള ബില്ലിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് നിർത്തിവെച്ച സഭ 12 മണിക്ക് പുന:രാരംഭിച്ചപ്പോഴാണ് ബിൽ പാസാക്കിയത്.
ഏറെ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ ഈ മാസം 19-നാണ് മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കർഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ നിയമം പാസാക്കി ഒരു വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.
അത് നടപ്പായി, ഇനി എംഎസ്പി(താങ്ങുവില) അടക്കമുള്ള കർഷകരുടെ മറ്റു പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കാമെന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബിൽ ലോക്സഭയിൽ പാസാക്കിയതിന് പിന്നാലെ കർഷക നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു. ഇത് ആഘോഷിക്കുമോ എന്ന ചോദ്യത്തിന് സമരത്തിനിടെ എത്ര കർഷകരാണ് മരിച്ചുവീണത്. അത് ആഘോഷിക്കണോ എന്നായിരുന്നു ടികായത്തിന്റെ മറുചോദ്യം.