തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളില്‍ ലൊക്കേഷൻ ട്രാക്കിംഗും എമർജൻസി ബട്ടണും സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ. ലൊക്കേഷൻ ട്രാക്കിഗും എമർജൻസി ബട്ടണും സ്ഥാപിക്കാനുള്ള തിയതി ഹൈക്കോടതി ഡിസംബർ 31 വരെ നീട്ടിയതിനെ തുടർന്നാണ് പ്രവൃത്തി വേഗത്തിലാക്കിയത്.
പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയുടെ ഭാഗമായാണ് ബസുകളിൽ എമർജൻസി ബട്ടണും ട്രാക്കിംഗ് സംവിധാനവും സ്ഥാപിക്കുന്നത്. യാത്രക്കാർ ഇരിക്കുന്ന സീറ്റിനു തൊട്ടു മുകളിലായാണ് ബട്ടൺ. വലിയ ബസുകളിൽ ആറും ചെറിയ ബസുകളിൽ അഞ്ചും എമർജൻസി ബട്ടണുകളാണ് സ്ഥാപിക്കുന്നത്.
യാത്രക്കാർക്ക് മാത്രമല്ല ഡ്രൈവർക്കും ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കും. യാത്രയ്ക്കിടയിൽ പോലീസിന്റെ സഹായം ആവശ്യമെന്നു തോന്നിയാൽ എമർജൻസി ബട്ടൺ അമർത്താം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സന്ദേശം ഉടനടി പോലീസിന്റെ കൺട്രോൾ റൂമിലെത്തും. ഉടൻ തന്നെ പോലീസ് സഹായം പ്രതീക്ഷിക്കാം.
യാത്രക്കാർ ബട്ടൺ അമർത്തിയാൽ ഡ്രൈവർ കാബിനിൽ അലാറം മുഴങ്ങും. അനാവശ്യമായി ബട്ടൺ അമർത്തിയാൽ പിഴ ഒടുക്കേണ്ടി വരും. ഫിറ്റ്നസ് എടുക്കുന്നതിനനുസരിച്ചാണ് കെഎസ്ആർടിസി ബസുകളിൽ ജിപിഎസും എമർജൻസി ബട്ടണും ഘടിപ്പിക്കുന്നത്. വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനവും എമർജൻസി ബട്ടണും സ്ഥാപിക്കണമെന്ന് 2020 നവംബറിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
2021 ജനുവരി ഒന്നു മുതൽ നടപ്പാക്കാൻ നിർദ്ദേശിച്ചതാണ്. എന്നാൽ കൊറോണ വ്യാപനപ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസി സമയം നീട്ടി വാങ്ങുകയായിരുന്നു.