നവീകരിച്ച കുർബാന ക്രമത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നാളെ കുർബാന അർപ്പിക്കും

കൊച്ചി: സീറോമലബാർ സഭയ്ക്ക് നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വരുന്ന നാളെ സഭാതലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ വിശുദ്ധ കുർബാന അർപ്പിക്കും. രാവിലെ 10 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാന യുട്യൂബിലൂടെ ലൈവായി ടെലികാസ്റ്റ് ചെയ്യുമെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ്‌ ഓണംപള്ളി അറിയിച്ചു.

ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നവീകരിച്ച കുർബാന ക്രമത്തിൽ ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിൽ നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബ്ബാന അർപ്പിക്കും. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും നാളെ മുതൽ നവീകരിച്ച കുർബാന ക്രമത്തിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വൈദികർക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണ രീതി നാളെ മുതൽ നടപ്പാക്കുന്നതിൽ മാറ്റങ്ങളില്ലെന്ന് സഭാ തലവൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി വ്യക്തമാക്കിയിരുന്നു. ഏകീകൃത വിശുദ്ധ കുർബാന അർപ്പണ രീതിയിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ ഇളവു നൽകിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നും മാർ ആലഞ്ചേരി അറിയിച്ചു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനും പൗരസ്ത്യസഭകൾ ക്കായുള്ള കാര്യാലയത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് സീറോ മലബാർ സഭയുടെ ഐക്യത്തിൽ ഉള്ള വളർച്ച ലക്ഷ്യമാക്കി സഭ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുർബാന അർപ്പണം രീതി ഈ വർഷം നവംബർ 28 സഭയിൽ നടപ്പാക്കുക എന്നത്. സിനഡിൻ്റെ ഈ തീരുമാനത്തിൽ നിന്നും മെത്രാപ്പൊലീത്തൻ വികാരി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ് നൽകിയതായി മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്നാൽ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല.

സിനഡിൻ്റെ തീരുമാനത്തിൽ മാറ്റമില്ല. അത് അതേപടി നിലനിൽക്കും. അതിനാൽ സിനഡ് തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും മാർ ആലഞ്ചേരി അറിയിച്ചു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും കൂട്ടായ്മയിലും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ സഭാമക്കൾ ഏവരെയും കർദ്ദിനാൾ ആഹ്വാനം ചെയ്തു.