കൊച്ചി: സീറോ മലബാർ സഭയിൽ ഏകീകൃത വിശുദ്ധ കുർബാന അർപ്പണ രീതി നാളെ മുതൽ നടപ്പാക്കുന്നതിൽ മാറ്റങ്ങളില്ലെന്ന് വ്യക്തമാക്കി സഭാ തലവൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ഏകീകൃത വിശുദ്ധ കുർബാന അർപ്പണ രീതിയിൽ നിന്ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് വത്തിക്കാൻ ഇളവു നൽകിയതായി തനിക്ക് ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടില്ലെന്നും ആലഞ്ചേരി അറിയിച്ചു.
പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തിനും പൗരസ്ത്യസഭകൾ ക്കായുള്ള കാര്യാലയത്തിലെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുമാണ് സീറോ മലബാർ സഭയുടെ ഐക്യത്തിൽ ഉള്ള വളർച്ച ലക്ഷ്യമാക്കി സഭ ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഏകീകൃത വിശുദ്ധ കുർബാന അർപ്പണം രീതി ഈ വർഷം നവംബർ 28 സഭയിൽ നടപ്പാക്കുക എന്നത്. സിനഡിൻ്റെ ഈ തീരുമാനത്തിൽ നിന്നും മെത്രാപ്പൊലീത്തൻ വികാരി എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ഒഴിവ് നൽകിയതായി മാധ്യമങ്ങളിൽ നിന്ന് അറിയുന്നു. എന്നാൽ പരിശുദ്ധ സിംഹാസനത്തിൽ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല.
സിനഡിൻ്റെ തീരുമാനത്തിൽ മാറ്റമില്ല. അത് അതേപടി നിലനിൽക്കും. അതിനാൽ സിനഡ് തീരുമാനം എല്ലാവരും നടപ്പിലാക്കണമെന്നും മാർ ആലഞ്ചേരി അറിയിച്ചു. തികഞ്ഞ ക്രൈസ്തവ ചൈതന്യത്തിലും കൂട്ടായ്മയിലും അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിപരമായ താൽപര്യങ്ങളും മാറ്റിവച്ച് സിനഡ് തീരുമാനം നടപ്പാക്കാൻ സഭാമക്കൾ ഏവരെയും കർദ്ദിനാൾ ആഹ്വാനം ചെയ്തു.