ന്യൂഡെൽഹി: ഒരു പാർട്ടിയെ തലമുറകളായി ഒരു കുടുംബം തന്നെ നയിച്ചുകൊണ്ടിരിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെ പരിഹസിച്ചത്.
‘കുടുംബത്തിനുവേണ്ടിയുള്ള പാർട്ടി, കുടുംബത്താൽ നയിക്കപ്പെടുന്ന പാർട്ടി… ഞാൻ കൂടുതൽ പറയേണ്ടതുണ്ടോ? ഒരു കുടുംബം പലതലമുറകളായി ഒരു പാർട്ടിയെ നയിക്കുന്നുണ്ടെങ്കിൽ അത് ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലതല്ല. കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള പാർട്ടികളെ നോക്കൂ..’ പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റെ അന്തസത്തയിൽ വിശ്വസിക്കുന്നവർക്ക് ഇത്തരം പാർട്ടികൾ വലിയ ആശങ്കയാണ്. ഇന്ത്യ ഒരു വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
‘കുടുംബ രാഷ്ട്രീയം എന്നു പറയുമ്പോൾ, ഒരു കുടുംബത്തിലെ ഒന്നിലധികം അംഗങ്ങൾ രാഷ്ട്രീയത്തിൽ വരാൻ പാടില്ല എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ അനുഗ്രഹത്തോടെയും കഴിവുകളുടേയും അടിസ്ഥാനത്തിൽ ആർക്കും രാഷ്ട്രീയത്തിൽ വരാം. എന്നാൽ, തലമുറകളായി ഒരു രാഷ്ട്രീയ പാർട്ടിയെ ഒരു കുടുംബം ഭരിക്കുന്നുവെങ്കിൽ അത് ജനാധിപത്യത്തിന് ഭീഷണിയാകും’, മോദി കൂട്ടിച്ചേർത്തു. രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത ഭരണഘടനാ ദിന പരിപാടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ചിരുന്നു.
ഭരണഘടനയെ മാനിക്കാത്തവരാണ് ബിജെപി. അതിൽ അവർക്ക് വിശ്വാസവുമില്ല. അവർ ഭരണഘടന അനുസരിച്ചല്ല ഭരിക്കുന്നതും. പക്ഷേ അവർ ഭരണഘടനാ ദിനം ആഘോഷിക്കുകയും ചെയ്യുന്നു. ഇതൊരു പി.ആർ. പരിപാടിയാണെന്നും കോൺഗ്രസ് എംപി മാണിക്കം ടാഗോർ പ്രതികരിച്ചു. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർജെഡി, ശിവസേന തുടങ്ങിയ 14 പാർട്ടികളാണ് ബഹിഷ്കരണം നടത്തിയത്.