പാർട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താൻ തയ്യാറായിട്ടില്ല; കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം; വീണ്ടും സമരം പ്രഖ്യാപിച്ച് അനുപമ

തിരുവനന്തപുരം: കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണ ചുമതല ലഭിച്ചെങ്കിലും സമരം തുടരുമെന്ന് അനുപമ. ഡിസംബർ പത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കും. കുറ്റവാളികൾ ശിക്ഷിക്കപ്പെടും വരെ സമരം തുടരുമെന്നും അനുപമ വ്യക്തമാക്കി.

കുഞ്ഞിനെ തന്റെ അടുത്തുനിന്ന് മാറ്റിയ അച്ഛനെതിരേ ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. വിഷയത്തിൽ പാർട്ടിക്ക് വീഴ്ചകളുണ്ടായിട്ടും തിരുത്താൻ തയ്യാറായിട്ടില്ലെന്നും അനുപമ ആരോപിച്ചു.

കുഞ്ഞിനെ വിട്ടു കിട്ടാനായി ഈ മാസം 11 മുതലാണ് അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. കുഞ്ഞിനെ തിരികെ കിട്ടിയെങ്കിലും കുഞ്ഞിനെ തന്നിൽ നിന്നും അകറ്റിയവർക്കെതിരെ പോരാട്ടം തുടരാനാണ് അനുപമയുടെ തീരുമാനം. ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും, സിഡബ്ല്യൂസി ചെയർപേഴ്സൺ സുനന്ദക്കും എതിരെ നടപടി വേണമെന്നാണ് അനുപമയുടെ ആവശ്യം.

ദത്ത് നൽകലുമായി ബന്ധപ്പെട്ട് ടിവി അനുപമ ഐഎഎസിന്റെ റിപ്പോർട്ട് തനിക്ക് കിട്ടിയിട്ടില്ല. മാധ്യമങ്ങളിൽ കൂടിയാണ് വിവരങ്ങൾ അറിഞ്ഞതെന്നും അനുപമ പറഞ്ഞു.