എസ്.പിക്ക് പരാതി നൽകാൻ എത്തിയ മൊഫിയയുടെ 17 സഹപാഠികള്‍ പോലീസ് കസ്റ്റഡിയില്‍

ആലുവ: ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മൊഫിയ പർവീണിന്റെ സഹപാഠികളായ വിദ്യാർഥികൾ പോലീസ് കസ്റ്റഡിയിൽ. 17 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്.പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാർഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

മൊഫിയയുടെ ആത്മഹത്യയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർഥികൾ ഇന്ന് എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റർ അകലെവെച്ച് മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർഥികൾ എസ്.പി ഓഫീസിൽ നേരിട്ടെത്തി മൊഫിയ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

ഇതിന് ശേഷം അവർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പോലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.