ചണ്ഡിഗഢ്: ബിജെപി – ആർ എസ് എസ് പ്രവർത്തകർ വിവാഹത്തിന് പങ്കെടുക്കരുതെന്ന മുന്നറിയിപ്പോടെയുള്ള വിവാഹ ക്ഷണക്കത്ത് സൈബർലോകത്ത് വൈറലാകുന്നു. ഹരിയാന സ്വദേശിയായ രാജേഷ് ധങ്കാർ ആണ് മകളുടെ വിവാഹ ക്ഷണക്കത്തിൽ ഹരിയാനയിലെ ഭരണകക്ഷിയായ ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിവാഹത്തിന് വരേണ്ടതില്ലെന്ന് ക്ഷണക്കത്തിൽ കുറിച്ചത്. വിശ്വവീർ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാൻ ജയ് കിസാൻ മസ്ദൂർ കോൺഗ്രസ് മുൻ അധ്യക്ഷനുമാണ് രാജേഷ് ധങ്കാർ.
പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങള്‍ പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുൻപായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും അതിനാൽ പിന്നീട് കൂടുതൽ കാർഡുകള്‍ അച്ചടിക്കുകയായിരുന്നുവെന്നും രാജേഷ് ധങ്കാർ പറയുന്നു.
ഡിസംബർ ഒന്നാം തീയതി നടക്കുന്ന മകളുടെ വിവാഹത്തിൽ നിന്ന് ബിജെപി, ആർഎസ്എസ്, ജെജെപി പ്രവർത്തകർ വിട്ടുനിൽക്കണമെന്നാണ് ക്ഷണക്കത്തിൽ അച്ചടിച്ചത്. ”ദയവായി ബിജെപി, ജെജെപി, ആർഎസ്എസ് പ്രവർത്തകർ വിവാഹത്തിൽ നിന്ന് വിട്ടുനിൽക്കണം” എന്ന് അച്ചടിച്ച വിവാഹ ക്ഷണക്കത്ത് ഇന്റർനെറ്റിൽ വൈറലായി.